ഇന്ത്യന്‍ ബാറ്റ്‌സമാന്‍മാര്‍ കരുതിയിരുന്നോളൂ; മുന്നറിയിപ്പുമായി ഗ്രേയം സ്മിത്ത്

ജനുവരിയില്‍ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കു മുന്നോടിയായി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മുന്നറിയിപ്പുമായി സൗത്ത് ആഫ്രിക്കയുടെ മുന്‍ നായകന്‍ ഗ്രേയം സ്മിത്ത്.

സൗത്ത് ആഫ്രിക്കയുടെ കരുത്തുറ്റ ബൗളിങ് നിര, വരുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ കശക്കിയെറിയാന്‍ കെല്‍പ്പുള്ളതെന്നാണ് സ്മിത്ത് പറഞ്ഞത്. ജനുവരി അഞ്ചിന് കേപ് ടൗണിലാണ് ആദ്യ ടെസ്റ്റ് നടക്കുക. ഇന്ത്യയുമായി  അവസാനം നടന്ന പരമ്പരയിലേറ്റ തോല്‍വിക്ക് പകരം ചോദിക്കാന്‍ കൂടിയാവും ദക്ഷിണാഫ്രിക്ക ഇറങ്ങുകയെന്ന് സ്മിത്ത് പറഞ്ഞു.

ഇന്ത്യയുടെ ലോകോത്തര ബാറ്റിങ് നിരയെ പ്രതിരോധത്തിലാക്കാന്‍ കഴിയുന്ന മികച്ച ബോളിങ് നിരയുമായാവും ദക്ഷിണാഫ്രിക്ക കളത്തിലിറങ്ങുക. ഇത് കളിയെ കൂടുതല്‍ ആവേശത്തിലാക്കുമെന്ന് സ്മിത്ത് പറഞ്ഞു. മൂന്ന് പേസര്‍മാരും ഒരു സ്പിന്നറുമായിട്ടാവും ദക്ഷിണാഫ്രിക്ക വരുന്നത്. കേപ് ടൗണ്‍,പ്രിട്ടോറി,ജോഹന്നാസ് ബെര്‍ഗ് എന്നിവിടങ്ങളിലാണ് ടെസ്റ്റ് പരമ്പരയിലെ മത്സരങ്ങള്‍ നടക്കുക.