നിലവാരം തകര്‍ന്ന് ഇന്ത്യന്‍ ഫീല്‍ഡിംഗ്, ദുരന്തമായി ധോണിയും കോഹ്ലിയും

ബാറ്റിംഗും ബൗളിംഗും പോലെ തന്നെ മാച്ച് വിന്നിംഗ് ടീമാക്കാന്‍ ഇന്ത്യയെ പലപ്പോഴും സഹായിക്കാറുളളത് തെറ്റുകള്‍ വരുത്താത്ത ഫീല്‍ഡിംഗ് കരുത്താണ്. മറ്റേതൊരു ടീമിനും അവകാശപ്പെടാനില്ലാത്ത വിധം നിലവാരമുളള ഫീല്‍ഡിംഗ് പ്രകടനമാണ് കോഹ്ലിയുടെ നേതൃത്വത്തിലുളള ടീം ഇന്ത്യ ഏറെ നാളായി കാഴ്ച വെയ്ക്കുന്നത്. എതിരാളികള്‍ നല്‍കുന്ന അര്‍ദ്ധാവസരങ്ങള്‍ പോലും വിക്കറ്റാക്കി മാറ്റാന്‍ ഇതിലൂടെ ടീം ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു.

എന്നാല്‍ ലോക കപ്പ് സെമിഫൈനലില്‍ ന്യൂസിലന്‍ഡിനതെതിരെ ദയനീയ ഫീല്‍ഡിംഗ് പ്രകടനമാണ് ടീം ഇന്ത്യ കാഴ്ച വെച്ചത്. നിരവധി അവസരങ്ങള്‍ പാഴാക്കി കളഞ്ഞ ഇന്ത്യ പലപ്പോഴും ഓവര്‍ത്രോയിലൂടെ അനാവശ്യ റണ്‍സും വഴങ്ങി. അമിതമായ ആത്മവിശ്വസമാണ് കളത്തില്‍ ഇന്ത്യന്‍ ഫീല്‍ഡിംഗിന് സംഭവിച്ചതെന്ന് തോന്നുന്ന വിധത്തിലായിരുന്നു താരങ്ങളുടെ പ്രകടനം.

മഹേന്ദ്ര സിംഗ് ധോണി, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ, ദിനേഷ് കാര്‍ത്തിക് തുടങ്ങിയവരെല്ലാവരും ഫീല്‍ഡിംഗില്‍ തെറ്റുകള്‍ വരുത്തി. വിക്കറ്റിന് പിന്നില്‍ ധോണിയാണ് ഏറെ പിഴവുകള്‍ വരുത്തിയത്. ചഹലിന്റെ ആദ്യ പന്ത് തന്നെ ധോണിയുടെ കീപ്പിംഗ് പിഴവ് മൂലം അഞ്ച് റണ്‍സാണ് ന്യൂസിലന്‍ഡിന് സമ്മാനിച്ചത്. ചില ക്യാച്ചുകളും ധോണി നഷ്ടപ്പെടുത്തി. ഒരു സിംഗിള്‍ മാത്രം ന്യൂസിലന്‍ഡിന് അവകാശപ്പെട്ട ഇടത്ത് ധോണിയും കോഹ്ലിയും ഓവര്‍ത്രോയിലൂടെ പിഴവ് വരുത്തി  മൂന്ന് റണ്‍സ് വഴങ്ങുന്നതും ആരാധകര്‍ കണ്ടു.

കെയ്ന്‍ വില്യംസനെ റണ്ണൗട്ടിലൂടെ പുറത്താക്കാനുളള സുവര്‍ണാവസരം ഒരിക്കല്‍ കോഹ്ലി കളഞ്ഞു കുളിച്ചു. പന്ത് കണക്റ്റ് ചെയ്യുന്നിടത്ത് രവീന്ദ്ര ജഡേജയ്ക്ക് വരെ പിഴവുകള്‍ സംഭവിച്ചു. ഈ ലോക കപ്പ് ഇന്ത്യയ്ക്ക് നല്‍കുന്ന ഏറ്റവും വലിയ പാഠം ഫീല്‍ഡിംഗ് ഇനിയുമേറെ മെച്ചപ്പെടാനിരിക്കുന്നു എന്നതാണ്.