എന്തൊരു ബാറ്റിംഗ്, അവന്‍ ഇന്ത്യയുടെ 'മിനി രോഹിത്'; പ്രശംസിച്ച് റമീസ് രാജ

ഇന്ത്യന്‍ ഓപ്പണിംഗ് നിരയിലെ പുതിയ വിസ്മയം ശുഭ്മാന്‍ ഗില്ലിനെ വാനോളം പ്രശംസിച്ച് പാകിസ്ഥാന്‍ മുന്‍ താരം റമീസ് രാജ. മിനി രോഹിത് ശര്‍മയെന്നാണ് 23കാരനായ ഗില്ലിനെ റമീസ് രാജ വിശേഷിപ്പിച്ചത്. രോഹിത്-ഗില്‍ കൂട്ടുകെട്ടിന്റെ വിജയകരമായ തുടക്കത്തിന് പിന്നാലെയാണ് രാജയുടെ പ്രതികരണം.

ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിംഗ് കണ്ടപ്പോള്‍ മിനി രോഹിത് ശര്‍മയെപ്പോലെയാണ് തോന്നിയത്. രോഹിത്തിനെപ്പോലെ ഷോട്ട് കളിക്കുമ്പോള്‍ അവനും എക്സ്ട്രാ ടൈം ലഭിക്കുന്നതായി കാണുന്നു. വളരെ മികച്ച ബാറ്റിംഗാണ് ഗില്‍ കാഴ്ചവയ്ക്കുന്നത്.

മതിയായ കഴിവുള്ള ക്രിക്കറ്ററാണ് അവന്‍. കാലക്രമേണ ഗില്ലിന്റെ ആക്രമണോത്സുകതയും വളര്‍ന്നുവരും. അവന്‍ സ്വന്തം ബാറ്റിംഗില്‍ ഒന്നും തന്നെ ചെയ്യേണ്ട ആവശ്യമില്ല. അടുത്തിടെ ഡബിള്‍ സെഞ്ച്വറി ഗില്‍ നേടി- റമീസ് രാജ പറഞ്ഞു.

ഏകദിനത്തിലെ പുതിയ ഓപ്പണിങ് ജോടികളായ രോഹിത്- ഗില്‍ സഖ്യം പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വിജയമായി മാറിയിരിക്കുകയാണ്. അതിനാല്‍ തന്നെ വരുന്ന ലോകകപ്പില്‍ ഈ ജോഡി തന്നെ ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കാം.