ടെസ്റ്റ് ക്യാപ് നല്‍കുമ്പോള്‍ ഗവാസ്‌കര്‍ പറഞ്ഞത് എന്തെന്ന് വെളിപ്പെടുത്തി ശ്രേയസ്

ഇന്ത്യക്കായി ടെസ്റ്റില്‍ സെഞ്ച്വറിയോടെ അരങ്ങേറിയിരിക്കുകയാണ് മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍, ഇതിഹാസ താരം സുനില്‍ ഗവാസ്‌കറാണ് ശ്രേയസിന് ടെസ്റ്റ് ക്യാപ് കൈമാറിയത്. ആ നിമിഷം ഗവാസ്‌കര്‍ എന്താണ് തന്നോട് പറഞ്ഞതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രേയസ്.

ടെസ്റ്റ് ക്യാപ് സമ്മാനിക്കുമ്പോള്‍ ഗവാസ്‌കര്‍ എന്നെ പ്രചോദിപ്പിച്ചു. കൂടുതല്‍ ഒന്നും ചിന്തിക്കേണ്ട, ബാറ്റിംഗ് ആസ്വദിക്കുക എന്ന അദ്ദേഹത്തിന്റെ ഉപദേശമാണ് മനസിലുണ്ടായിരുന്നത്- ശ്രേയസ് പറഞ്ഞു.

ഒന്നാം ദിനം ആദ്യം മുതല്‍ കാര്യങ്ങളെല്ലാം ശരിയായ രീതിയില്‍ മുന്നോട്ടുപോയതില്‍ വളരെയധികം സന്തോഷമുണ്ടായിരുന്നു. കഴിഞ്ഞ രാത്രിയില്‍ ഉറങ്ങാന്‍ സാധിച്ചില്ല. കാണ്‍പൂരിലെ ആദ്യ ദിനത്തില്‍ നന്നായി ബാറ്റ് ചെയ്‌തെന്നും അതു ഇന്നും തുടരേണ്ടതുണ്ടെന്നും ചിന്തിച്ചു. രാവിലെ വളരെ നേരത്തെ ഉണര്‍ന്നു. സെഞ്ച്വറി നേടുകയെന്നത് മനോഹരമായ അനുഭവമാണെന്നും ശ്രേയസ് കൂട്ടിച്ചേര്‍ത്തു.