ഗുരുവിന്റെ പാത പിന്തുടര്‍ന്ന് ശ്രേയസ്; സ്വന്തമാക്കിയത് അപൂര്‍വ്വ നേട്ടം

കായിക രംഗത്ത് ഗുരുനാഥന്‍മാരുടെ പാത പിന്തുടര്‍ന്ന് നേട്ടം സ്വന്തമാക്കുന്ന താരങ്ങള്‍ കുറവല്ല. ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ പുതിയ സൂപ്പര്‍ താരം ശ്രേയസ് അയ്യരും ആശാന്റെ വഴിയിലൂടെ സഞ്ചരിക്കുന്നവനാണ്. കാണ്‍പൂരില്‍ ന്യൂസിലന്‍ഡിനെതിരെ അരങ്ങേറ്റത്തില്‍ ടെസ്റ്റ് സെഞ്ച്വറി കുറിച്ച ശ്രേയസ് തന്റെ പരിശീലകന്‍ പ്രവീണ്‍ ആംറെയുടെ ഒരു നേട്ടത്തെ ഒപ്പംപിടിച്ചു.

ടെസ്റ്റ് അരങ്ങേറ്റത്തില്‍ ഇന്ത്യക്കുവേണ്ടി സെഞ്ച്വറി നേടുന്ന 16-ാമത്തെ ബാറ്ററാണ് ശ്രേയസ് അയ്യര്‍. ശ്രേയസിന്റെ കോച്ചായ പ്രവീണ്‍ ആംറെയും അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടിയിരുന്നു. 1992ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഡെര്‍ബന്‍ ടെസ്റ്റില്‍ 103 റണ്‍സാണ് ആംറെ സ്‌കോര്‍ ചെയ്തത്. 11 ബൗണ്ടറികള്‍ അടക്കം കരിയറിലെ കന്നി ടെസ്റ്റ് ശതകം കുറിച്ച ആംറയെ പ്ലേയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും തേടിയെത്തി. ദക്ഷിണാഫ്രിക്കയെ സമനിലയില്‍ തളയ്ക്കാനും ആംറെയുടെ ഇന്നിംഗ്‌സ് ഇന്ത്യയെ സഹായിച്ചു. കാണ്‍പൂരില്‍ 13 ഫോറുകളും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ശ്രേയസ് അയ്യരുടെ (105) ഇന്നിംഗ്‌സ്.

ആംറെയ്ക്കും ശ്രേയസിനും പുറമെ ലാല അമര്‍നാഥ് (118, ഇംഗ്ലണ്ട്, 1933), ദീപക് ഷോധന്‍ (110, പാകിസ്ഥാന്‍, 1952), എ.ജി. ക്രിപാല്‍ സിംഗ് (100*, ന്യൂസിലന്‍ഡ്, 1955), അബ്ബാസ് അലി ബെയ്ഗ് (112, ഇംഗ്ലണ്ട്, 1959), ഹനുമന്ത് സിംഗ് (105, ഇംഗ്ലണ്ട്, 1964), ഗുണ്ടപ്പ വിശ്വനാഥ് (137, ഓസ്‌ട്രേലിയ, 1969), സുരിന്ദര്‍ അമര്‍നാഥ് (124, ന്യൂസിലന്‍ഡ്, 1976), മുഹമ്മദ് അസറുദ്ദീന്‍ (110, ഇംഗ്ലണ്ട്, 1984), സൗരവ് ഗാംഗുലി (131, ഇംഗ്ലണ്ട്, 1996), വീരേന്ദര്‍ സെവാഗ് (105, ദക്ഷിണാഫ്രിക്ക, 2001), സുരേഷ് റെയ്‌ന (120, ശ്രീലങ്ക, 2010), ശിഖര്‍ ധവാന്‍ (187, ഓസ്‌ട്രേലിയ, 2013), രോഹിത് ശര്‍മ്മ (177, വെസ്റ്റിന്‍ഡീസ്, 2013), പൃഥ്വി ഷാ (134, വെസ്റ്റിന്‍ഡീസ്, 2018) എന്നിവരും അരങ്ങേറ്റത്തില്‍ ഇന്ത്യക്കുവേണ്ടി സെഞ്ച്വറി നേടിയ ബാറ്റര്‍മാരുടെ പട്ടികയില്‍ ഇടംപിടിക്കുന്നു.