ടി20 ടീമില്‍ നിന്ന് റിഷഭ് പുറത്താവും, ആ സ്ഥാനത്തേക്ക് പകരം അവന്‍ വരും!

ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു വൈകാതെ സ്ഥാനം നഷ്ടമായേക്കുമെന്നു ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. ടി20 ക്രിക്കറ്റിലെ സമീപകാലത്തെ പന്തിന്റെ പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് ജാഫറിന്റെ വിലയിരുത്തല്‍.

‘ബാറ്റിംഗിലെ മോശം ഫോം പരിഗണിക്കുമ്പോള്‍ ഇന്ത്യക്കു വേണ്ടി വരാനിരിക്കുന്ന ടി20 മല്‍സരങ്ങളില്‍ റിഷഭ് പന്തിനു സ്ഥിരമായി അവസരം ലഭിക്കാനിടയില്ല. വിക്കറ്റ് കീപ്പറുടെ റോളിലേക്കു വേറെയും താരങ്ങള്‍ ഇന്ത്യക്കുണ്ട്.’

‘കെഎല്‍ രാഹുല്‍ പരിക്കില്‍ നിന്നും മോചിതനായി തിരിച്ചെത്തിയാല്‍ അദ്ദേഹത്തിനു വിക്കറ്റ് കാക്കാന്‍ സാധിക്കും. ദിനേശ് കാര്‍ത്തിക് കളിക്കുമെന്നുറപ്പാണെങ്കില്‍ അദ്ദേഹത്തെ വിക്കറ്റ് കീപ്പറാക്കാം. അതുകൊണ്ടു തന്നെ സമീപകാലത്തെ പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ റിഷഭിനു ടി20 ഇലവനില്‍ സ്ഥാനമുറപ്പുണ്ടെന്നു ഞാന്‍ കരുതുന്നില്ല.’

‘ടെസ്റ്റില്‍ മികച്ച ചില ഇന്നിംഗ്സുകള്‍ കളിക്കാന്‍ റിഷഭ് പന്തിനായിട്ടുണ്ട്. ഏകദിനത്തിലും ചില നല്ല പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. പക്ഷെ ടി20യില്‍ ഇത്തരത്തില്‍ ചൂണ്ടിക്കാണിക്കാന്‍ ഒന്നുമില്ല’ ജാഫര്‍ പറഞ്ഞു.

നിലവില്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ടീമിനെ നയിക്കുന്നത് പന്താണ്. എന്നാല്‍ മോശം ഫോമിലാണ് താരമുള്ളത്. കഴിഞ്ഞ മൂന്നു മല്‍സരങ്ങളില്‍ 29, 5, 6 എന്നിങ്ങനെയായിരുന്നു റിഷഭിന്റെ പ്രകടനം.