മോശം ഫോം: വിരമിക്കുന്നതിനെ കുറിച്ച് ഉടന്‍ ചിന്തിക്കണമെന്ന് ഷൊഹൈബ് മാലിക്കിനോട് മുന്‍ താരങ്ങള്‍

പാകിസ്ഥാന്‍ താരം ഷുഹൈബ് മാലിക്കിനോട് വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് പാകിസ്ഥാന്‍ മുന്‍ താരങ്ങള്‍. മാലിക് മോശം ഫോമില്‍ തുടരുന്നതിനാല്‍ ഇനിയുള്ള മത്സരങ്ങള്‍ കളിക്കുന്നതിനോടും പലര്‍ക്കും വിയോജിപ്പുണ്ട്. അതേ സമയം പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദും കോച്ച് മിക്കി ആര്‍തറും മാലികിന് പിന്തുണയുമായെത്തി.

ഇന്ത്യ-പാക് മത്സരത്തിലുടനീളം മാലികിന്റെ പ്രകടനം മോശമായിരുന്നു. ആദ്യപന്തില്‍ തന്നെ പുറത്ത്. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരത്തില്‍ നിന്ന് മാലിക് സ്വന്തമാക്കിയത് വെറും എട്ട് റണ്‍സാണ്. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ റണ്‍സൊന്നുമെടുക്കാതെ പുറത്തായിരുന്നു. ഇന്ത്യക്കെതിരെയും ഇത് ആവര്‍ത്തിച്ചതോടെ മാലിക്കിനെതിരെയും മുന്‍ താരങ്ങള്‍ രംഗത്തെത്തി.

അവശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് മാലിക്കിനെ ഒഴിവാക്കണമെന്ന് മുന്‍ സ്പിന്നര്‍ ഇഖ്ബാല്‍ ഖാസിം പറഞ്ഞു. ഈ ലോക കപ്പോടെ ഏകദിനത്തില്‍ നിന്ന് വിരമിക്കുമെന്ന് മാലിക് പറഞ്ഞിരുന്നു. ഏകദിനത്തില്‍ നിന്ന് 7534 റണ്‍സും 158 വിക്കറ്റുമാണ് മാലിക്കിന്റെ സമ്പാദ്യം.