സൂപ്പര്‍ താരങ്ങളെ കരാറില്‍ നിന്നും പുറത്താക്കി, ഞെട്ടിച്ച് പാകിസ്ഥാന്‍

ലോക കപ്പിന് പിന്നാലെ പാക് ടീമില്‍ വന്‍ അഴിച്ചുപണിയുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. മുതിര്‍ന്ന താരങ്ങളായ മുഹമ്മദ് ഹഫീസിനേയും ശുഐബ് മാലിക്കിനേയും പാക് ക്രിക്കറ്റ് ബോര്‍ഡുമായിട്ടുളള കരാറില്‍ നിന്നും പുറത്താക്കി.

ഇവരെ കൂടാതെ പാക് ബോര്‍ഡുമായി കരാറിലുളള 14 താരങ്ങളെയാണ് നിന്നും പുറത്താക്കിയിട്ടുളളത്. 33 കളിക്കാരുടെ കരാര്‍ ചുരുക്കി 19 കളിക്കാരുടേതാക്കി മാറ്റിയിരിക്കുകയാണ്.

മൂന്ന് വിഭാഗങ്ങളിലായാണ് കളിക്കാരുടെ കോണ്ട്രാക്ട്. ബാബര്‍ അസം, സര്‍ഫറാസ് അഹ്മദ്, യാസിര്‍ ഷാ എന്നിവരാണ് ആദ്യ കാറ്റഗറിയിലുള്ളത്. രണ്ടാം കാറ്റഗറിയില്‍ വഹാബ് റിയാസ്, അസ്ഹര്‍ അലി, ഹാരിസ് സൊഹൈല്‍, ഇമാമുല്‍ ഹഖ്, ആസാദ് ഷഫീഖ്, മുഹമ്മദ് അബ്ബാസ്, ഷദബ് ഖാന്‍ എന്നിവര്‍ക്കൊപ്പം ലോക കപ്പിലെ അവിസ്മരണീയ പ്രകടനത്തിന്റെ മികവില്‍ ഷഹീന്‍ അഫ്രീദിയും ഉള്‍പ്പെട്ടു. മുഹമ്മദ് ആമിര്‍, ഇമാദ് വാസിം, ഫഖര്‍ സമാന്‍ തുടങ്ങിയവരൊക്കെ മൂന്നാം കാറ്റഗറിയിലാണ്.

കഴിഞ്ഞ ഒരു വര്‍ഷം നടത്തിയ പ്രകടനങ്ങളുടെ മികവിലാണ് പുതിയ പട്ടിക. മേല്‍പറഞ്ഞ 19 പേരില്‍ നിന്നാവും പാകിസ്ഥാന്റെ അടുത്ത ഒരു കൊല്ലത്തിലേക്കുള്ള ടീമുകളിലേക്ക് പ്രവേശനം ലഭിക്കുക.