അക്തറിന്റെ ബോളിംഗ് ആക്ഷന്‍ നിയമവിരുദ്ധമെന്ന് സെവാഗ്; കുറിക്ക് കൊള്ളുന്ന മറുപടി നല്‍കി പാക് താരം

തന്റെ ബോളിംഗ് ആക്ഷന്‍ നിയമവിരുദ്ധമെന്ന് പറഞ്ഞ ഇന്ത്യന്‍ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന് മറുപടി നല്‍കി ശുഐബ് അക്തര്‍. സെവാഗ് തമാശയ്ക്കാണോ അതോ ഗൗരവത്തിലാണോ ആ പരാമര്‍ശം നടത്തിയത് എന്ന് തനിക്ക് അറിയില്ലെന്നും ദേശിയ നിലവാരത്തില്‍ കളിച്ച ഒരു താരത്തെ അധിക്ഷേപിക്കാന്‍ താന്‍ താത്പര്യപ്പെടുന്നില്ലെന്നും അക്തര്‍ പറഞ്ഞു.

‘ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളാണ് സെവാഗ്. അഭിപ്രായങ്ങള്‍ പറയുന്നതില്‍ വളരെ ശ്രദ്ധ കൊടുക്കുന്ന പ്രായത്തിലാണ് ഞാനിപ്പോള്‍. ദേശിയ നിലവാരത്തില്‍ കളിച്ച ഒരു താരത്തെ അധിക്ഷേപിക്കാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല.’

‘ഐസിസിയേക്കാള്‍ കാര്യങ്ങള്‍ അറിയുന്നത് സെവാഗിനാണെങ്കില്‍ അദ്ദേഹം അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ തന്നെ നില്‍ക്കട്ടെ. സെവാഗിനുള്ള എന്റെ മറുപടി വ്യത്യസ്തമായിരിക്കും. സെവാഗ് എന്റെ അടുത്ത സുഹൃത്താണ്. തമാശയ്ക്കാണോ അതോ ഗൗരവത്തിലാണോ സെവാഗ് ആ പരാമര്‍ശം നടത്തിയത് എന്ന് എനിക്ക് അറിയില്ല’ അക്തര്‍ പറഞ്ഞു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം മോശമാകുന്നില്ല എന്ന് ക്രിക്കറ്റ് താരങ്ങള്‍ ഉറപ്പാക്കണമെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പ്രശ്നപരിഹാരത്തിന് സാധ്യത ഉണ്ടെങ്കില്‍ മധ്യസ്ഥനായി നില്‍ക്കാന്‍ താന്‍ തയ്യാറാണെന്നും അക്തര്‍ പറഞ്ഞു.