'ഡ്രസിംഗ് റൂമില്‍ വന്ന അദ്ദേഹം ഏവരെയും ഞെട്ടിച്ചു', ധോണിയുടെ കരിയറിലെ വലിയ ദിനം ഓര്‍ത്തെടുത്ത് ശാസ്ത്രി

കളത്തിന് അകത്തും പുറത്തും അപ്രതീക്ഷിത തീരുമാനങ്ങളിലൂടെ ആരാധകരെ ഞെട്ടിച്ചിട്ടുള്ള നായകനാണ് എം.എസ്. ധോണി. 2014ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള ധോണിയുടെ തീരുമാനവും അത്തരത്തിലൊന്നായിരുന്നു. ബോക്‌സിംഗ് ഡേ ടെസ്റ്റിനു പിന്നാലെ നടന്ന ആ സംഭവം മുന്‍ ഹെഡ് കോച്ച് രവി ശാസ്ത്രി ഓര്‍ത്തെടുക്കുന്നു.

ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം സര്‍പ്രൈസായിരുന്നു. എന്റെ അരികില്‍ വന്ന ധോണി ‘ടീം അംഗങ്ങളോട് ചിലത് സംസാരിക്കണം’ എന്നു പറഞ്ഞു. ‘തീര്‍ച്ചയായും’ എന്നു ഞാന്‍ മറുപടി നല്‍കി. ടെസ്റ്റ് സമനിലയില്‍ ആയതിനെ കുറിച്ചാണ് ധോണി പറയാന്‍ പോകുന്നതെന്ന് തോന്നി. ഡ്രസിംഗ് റൂമിലുള്ളവരുടെ മുഖങ്ങള്‍ ഞാന്‍ കണ്ടു. വിരമിക്കാനുള്ള ധോണിയുടെ തീരുമാനത്തിന്റെ ഞെട്ടലിലായിരുന്നു അവരില്‍ ഭൂരിഭാഗവും. പക്ഷേ, അതാണ് എം.എസ്. ധോണി- ശാസ്ത്രി വെളിപ്പെടുത്തി.

Read more

വിരമിക്കല്‍ പ്രഖ്യാപനം നടത്താന്‍ ഉചിതമായ സമയത്തിനായി ധോണി കാത്തിരിക്കുകയായിരുന്നു. തന്റെ ശരീരത്തിന് എത്രത്തോളം അധ്വാനം സാധ്യമാകുമെന്ന് അദ്ദേഹത്തിന് അറിയാം. വൈറ്റ് ബോള്‍ കരിയറിന് പ്രാധാന്യം നല്‍കാനാണ് ധോണി തീരുമാനിച്ചത്. മതി മതിയെന്നു ശരീരം പറയുമ്പോള്‍ മറ്റൊരു ചിന്തക്ക് സാധ്യതയില്ലെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.