ടീം ഇന്ത്യ തിരഞ്ഞെടുപ്പ്; നിര്‍ണ്ണായക ആവശ്യങ്ങളുമായി രവി ശാസ്ത്രി

ഇന്ത്യയുടെ പുതിയ പരിശീലകനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട രവി ശാസ്ത്രി കോച്ചിംഗ് തിരഞ്ഞെടുപ്പിനിടെ ക്രിക്കറ്റ് ഉപദേശക സമിതിയോട് പറഞ്ഞ കാര്യങ്ങള്‍ പുറത്ത്. ഇന്ത്യന്‍ ടീം സെലക്ഷനില്‍ തനിക്കു വേണ്ടത്ര റോള്‍ ലഭിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ നടപടിയുണ്ടാവണമെന്നുമാണ് ശാസ്ത്രി കമ്മിറ്റിയോട് ആവശ്യപ്പെട്ടത്.

ടീം സെലക്ഷന്‍ യോഗങ്ങളിലേക്കു തന്നെ വിളിക്കാറില്ലെന്നും യോഗത്തില്‍ ക്യാപ്റ്റനെ മാത്രമാണ് സെലക്ടര്‍മാര്‍ ക്ഷണിക്കാറെന്നും ശാസ്ത്രി പരാതിപ്പെടുന്നു. ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ ടീം മാനേജ്മെന്റ് മധ്യനിരയിലേക്ക് ആവശ്യപ്പെട്ട താരങ്ങളെ സെലക്ടര്‍മാര്‍ നല്‍കിയില്ലെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുന്നതിനു വേണ്ടിയുള്ള സെലക്ഷന്‍ കമ്മിറ്റി യോഗങ്ങളില്‍ ടീം മാനേജ്മെന്റിന് അഭിപ്രായം പറയാന്‍ അവസരം ലഭിക്കാറില്ലെന്നും ഇതിനു പരിഹാരം കണ്ടെത്തണമെന്നും ശാസ്ത്രി അഭ്യര്‍ഥിച്ചു. സെലക്ഷന്‍ കമ്മിറ്റി യോഗങ്ങളില്‍ കോച്ചിനും ക്യാപ്റ്റനും തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള അനുമതി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് കപിലിന്റെ നേതൃത്വത്തിലുളള ക്രിക്കറ്റ് ഉപദേശക സമിതി ശാസ്ത്രിയെ വീണ്ടും കോച്ചായി തിരഞ്ഞെടുത്തത്. പരിശീലനത്തില്‍ ശാസ്ത്രിയേക്കാള്‍ അനുഭവ സമ്പത്തുളള രണ്ട് പേരാണ് പിന്നിലായത്. ഹെസനും മൂഡിയുമാണത്. ശ്രീലങ്കയെ 2007 ലോകകപ്പ് ഫൈനലിലേക്ക് എത്തിച്ചത് മൂഡിയായിരുന്നു. 14 വര്‍ഷത്തെ പരിശീലന പരിചയം ഈ മുന്‍ ഓസീസ് താരത്തിനുണ്ട്. ന്യൂസിലാന്‍ഡിന്റെ ഏറ്റവും കൂടുതല്‍ കാലം പരിശിലിപ്പിച്ച കോച്ചാണ് ഹസ്സന്‍. ആദ്യമായി കീവിസിനെ ലോകകപ്പ് ഫൈനലിലേക്ക് എത്തിച്ചതും ഹസ്സനാണ്.