അവര്‍ പ്ലേഓഫിലുണ്ടാകും, ഇത്തവണ പുതിയ ചാമ്പ്യന്മാര്‍; പ്രവചിച്ച് രവി ശാസ്ത്രി

ഈ സീസണിലെ ഐപിഎല്ലില്‍ പുതിയ ചാംപ്യന്‍മാരെ കാണാന്‍ സാധിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നു ഇന്ത്യന്‍ ടീം മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ആര്‍സിബി മികച്ച മുന്നേറ്റമാണ് നടത്തുന്നതെന്നും അവര്‍ തീര്‍ച്ചയായും ഇത്തവണ പ്ലേഓഫിലുണ്ടാവുമെന്നും ശാസ്ത്രി പറഞ്ഞു.

‘ഈ സീസണില്‍ പുതിയ ചാംപ്യന്‍മാരെ നമുക്ക് കാണാന്‍ സാധിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇത്തവണ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ മികച്ച മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്. അവര്‍ തീര്‍ച്ചയായും പ്ലേഓഫിലുണ്ടാവും. ടൂര്‍ണമെന്റ് ആര്‍സിബി കൂടുതല്‍ കൂടുതല്‍ അപകടകാരികളായി മാറിയിരിക്കുകയാണ്. വളരെ മികച്ച സംഘമായിട്ടാണ് അവര്‍ കാണപ്പെടുന്നത്. ഓരോ മല്‍സരം കഴിയുന്തോറും ആര്‍സിബി മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്.’

‘വിരാട് കോഹ്‌ലി നന്നായി എല്ലാം ചെയ്യുന്നുണ്ട്. ഗ്ലെന്‍ മാക്‌സ്‌വെല്‍ ബാറ്റ് കൊണ്ട് അദ്ദേഹം എത്ര മാത്രം അപകടകാരിയായ താരമാണെന്നു നമുക്കറിയാം. സ്പിന്നര്‍മാര്‍ക്കെതിരേ വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ മാക്സിക്കു സാധിക്കും. ടൂര്‍ണമെന്റ് പുരോഗമിക്കവെ ആര്‍സിബിയുടെ ഭാഗത്തു നിന്നും നോക്കിയാല്‍ വളരെ പ്രധാനപ്പെട്ട താരമാണ് മാക്‌സ്‌വെല്‍. കൂടാത ഫഫ് ഡുപ്ലെസിയെന്ന ലീഡര്‍ അവരെ സംബന്ധിച്ച് വലിയ ബോണസാണ്’ രവി ശാസ്ത്രി പറഞ്ഞു.

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ അവസാന മല്‍സരത്തില്‍ നേടിയ വിജയത്തോടെ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തേക്ക് ഉയര്‍ന്നു. ആറു മല്‍സരങ്ങളില്‍ നിന്നും നാലു ജയവും രണ്ടു തോല്‍വിയുമടക്കം എട്ടു പോയിന്റാണ് അവര്‍ക്കുള്ളത്.