ശാസ്ത്രിയുടെ വിധിയെഴുതുക നവംബറില്‍; ദ്രാവിഡിനെ പിന്തിരിപ്പിച്ചത് നിരാശ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനെ സംബന്ധിച്ച ചര്‍ച്ചകള്‍ ക്രിക്കറ്റ് വൃത്തങ്ങളില്‍ സജീവമായിക്കഴിഞ്ഞു. രവി ശാസ്ത്രി തുടരുമോ എന്നതില്‍ അദ്ദേഹത്തെ അനുകൂലിക്കുന്നവരും വിമര്‍ശിക്കുന്നവരും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നു. എന്നാല്‍ നവംബറിലെ ട്വന്റി20 ലോക കപ്പോടെ ശാസ്ത്രിയുടെ കാര്യത്തില്‍ ബിസിസിഐ അന്തിമ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

പരിശീലക പദവിയില്‍ തുടരാന്‍ ശാസ്ത്രിക്ക് താല്‍പര്യമുണ്ടെന്നാണ് വിവരം. എന്നാല്‍ ട്വന്റി20 ലോക കപ്പില്‍ ഇന്ത്യ വിജയിച്ചാല്‍ മാത്രമേ ശാസ്ത്രിക്ക് കോച്ച് സ്ഥാനം നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂവെന്ന് ഇതുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഐസിസി ട്രോഫികളില്‍ പരാജയപ്പെടുന്ന ചരിത്രം ശാസ്ത്രിക്കു കീഴിലെ ഇന്ത്യന്‍ ടീം തുടര്‍ന്നാല്‍ പുതിയ കോച്ചിനെ തേടാന്‍ ബിസിസിഐ നിര്‍ബന്ധിതരാകും. വിരേന്ദര്‍ സെവാഗ്, വിക്രം റാത്തോഡ് എന്നിവരുടെ പേരുകള്‍ ശാസ്ത്രിയുടെ പിന്‍ഗാമിയായി ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.

രാഹുല്‍ ദ്രാവിഡിനെയാണ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക വേഷത്തില്‍ പരിഗണിച്ചിരുന്നത്. എന്നാല്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനായി തുടരാന്‍ ദ്രാവിഡ് താല്‍പര്യം പ്രകടിപ്പിക്കുകയായിരുന്നു. യുവ കളിക്കാരെ പരിപോഷിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തീരുമാനത്തില്‍ ദ്രാവിഡ് ഉറച്ചുനിന്നതായാണ് വിവരം. ലങ്കയില്‍ തനിക്കു കീഴില്‍ കളിച്ച ഇന്ത്യയുടെ യുവ സംഘം അവസാന മത്സരങ്ങളില്‍ പരാജയപ്പെട്ടതും ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ നിന്ന് ദ്രാവിഡിനെ പിന്തിരിപ്പിച്ച ഘടകങ്ങളില്‍പ്പെടുന്നു.

Read more