അവന്‍ റണ്‍സ് നേടുക മാത്രമല്ല, മറ്റൊരു കാര്യം കൂടി പറഞ്ഞു വെയ്ക്കുകയാണ്; താക്കൂറിനെ കുറിച്ച് ചോപ്ര

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഇന്ത്യയ്ക്ക് ഏറെ ആശ്വാസം നല്‍കുന്ന മാസ്മരിക ഇന്നിംഗ്സാണ് ശാര്‍ദുല്‍ താക്കൂര്‍ കാഴ്ചവെച്ചത്. 36 പന്തില്‍ ഏഴു ഫോറും മൂന്നു സിക്സും സഹിതം 57 റണ്‍സാണ് താക്കൂര്‍ നേടിയത്. ഇപ്പോഴിതാ താക്കൂര്‍ റണ്‍സ് നേടുക മാത്രമല്ല മറ്റൊരു ആവശ്യം കൂടി പറഞ്ഞ് വെയ്ക്കുകയാണെന്ന് പറയുകയാണ് മുന്‍ താരം ആകാശ് ചോപ്ര.

‘അവന്‍ റണ്‍സ് നേടുക മാത്രമല്ല. ടി20 ലോക കപ്പിലേക്ക് അവനെക്കൂടി തിരഞ്ഞെടുക്കാന്‍ നിങ്ങളോട് ആവശ്യപ്പെടുകയാണ്. കാരണം അവന്‍ നിങ്ങള്‍ക്ക് ഒരു നല്ല ഓപ്ഷനാണ്. നിങ്ങള്‍ക്ക് ഹാര്‍ദിക് പാണ്ഡ്യയെ നഷ്ടമായി. ഹാര്‍ദിക്കിന്റെ അസാന്നിദ്ധ്യത്തില്‍ ശാര്‍ദുല്‍ താക്കൂര്‍ സ്വയം ഒരു ഓപ്ഷനായി അവതരിപ്പിക്കുകയാണ്.’

‘ഹാര്‍ദിക് ശാര്‍ദുലിനേക്കാള്‍ മികച്ച ബാറ്റ്‌സ്മാനായിരിക്കാം, സംശയമില്ല. പക്ഷേ ഹാര്‍ദിക്കിനേക്കാള്‍ മികച്ച ബോളറാണ് ശാര്‍ദുല്‍. അതിനാല്‍ നിങ്ങള്‍ ഒരു പാക്കേജ് തിരയുകയാണെങ്കില്‍ അയാള്‍ റെഡിയാണെന്ന് താക്കൂര്‍ പറയുന്നു’ ചോപ്ര പറഞ്ഞു. ഓവലില്‍ വെറും 31 ബോളിലാണ് താക്കൂര്‍ അര്‍ദ്ധ സെഞ്ച്വറി തികച്ച്. ഇത് ടെസ്റ്റില്‍ ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ അര്‍ദ്ധ സെഞ്ച്വറിയായി.