ഷെയിന്‍ വോണിന്റെ സംസ്‌ക്കാരം മെല്‍ബണില്‍ ; മരിച്ചുകിടന്ന വില്ലയിലെ മുറിയില്‍ രക്തക്കറ കണ്ടതായി തായ്‌ലന്റ് പോലീസ്

ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയ ഷെയിന്‍വോണിന്റെ സംസ്‌ക്കാരം മെല്‍ബണില്‍ നടക്കും. ദേശീയ ബഹുമതികളോടെയായിരിക്കും വോണിന്റെ സംസ്‌കാരമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അറിയിച്ചു.

തായ്ലന്‍ഡിലെ കോ സമുയി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന വോണിന്റെ ഭൗതീകശരീരം ഓസ്‌ട്രേലിയയില്‍ എത്തിക്കാനുള്ള നടപടികള്‍ തുടരുകയാണ്. വോണിന്റെ മൃതദേഹം ഇപ്പോഴും തായ്ലന്‍ഡിലായതിനാല്‍ സംസ്‌കാര തീയതി തീരുമാനിച്ചിട്ടില്ല.

അതേസമയം താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ വില്ലയിലെ മുറിയില്‍ ഉള്‍പ്പെടെ രക്തക്കറ കണ്ടെത്തിയതായി തായ്ലന്‍ഡ് പൊലീസ് സ്ഥിരീകരിച്ചു. ബാത് ടവ്വലിലും തലയണയിലുമാണ് രക്തക്കറ കണ്ടെത്തിയതെന്ന് തായ്‌ലന്റ് മാധ്യമങ്ങളും പറയുന്നു.

പാക്കിസ്ഥാന്‍ഓസ്‌ട്രേലിയ ക്രിക്കറ്റ് മത്സരം കണ്ടുകൊണ്ടിരിക്കുമ്പോഴായിരുന്നു വോണിന് ഹൃദയാഘാതം സംഭവിച്ചത്.  ഷെയ്ന്‍ വോണിന് മുന്‍പും നെഞ്ചു വേദന അനുഭവപ്പെട്ടിരുന്നതായി പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. വോണിന് ആസ്തമയും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമുണ്ടായിരുന്നു. മരണത്തിനു മുന്‍പ് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് വോണ്‍ ഡോക്ടറെ കണ്ടിരുന്നതായും വെളിപ്പെടുത്തലുണ്ട്.

താരത്തെ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനു പിന്നാലെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ സിപിആര്‍ നല്‍കിയെങ്കിലും, ഇതിനു പിന്നാലെ വോണ്‍ ചോര ഛര്‍ദ്ദിച്ചതായും പൊലീസ് അറിയിച്ചു. വോണിനെക്കുറിച്ച് പുറത്തിറങ്ങിയ ഡോക്യുമെന്ററിയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറുമായ ആന്‍ഡ്രൂ നിയോഫിറ്റോയാണ് വോണിനെ അബോധാവസ്ഥയില്‍ ആദ്യം കണ്ടത്. ഒരു മീറ്റിങ്ങിന് വോണിനെ വിളിക്കാന്‍ റൂമിലേക്കു പോയതായിരുന്നു ആന്‍ഡ്രൂ.