ഐ.പി.എല്ലിനായി താരങ്ങളെ വിട്ട ദക്ഷിണാഫ്രിക്കയുടെ നടപടി ശരിയായില്ല; വിമര്‍ശിച്ച് അഫ്രീദി

പാകിസ്ഥാനെതിരെ ഏകദിന പരമ്പരയുണ്ടായിട്ടും ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ ഐ.പി.എല്ലിന് പോകാന്‍ അനുവദിച്ച ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ തീരുമാനത്തെ വിമര്‍ശിച്ച് ഷാഹിദ് അഫ്രീദി. രാജ്യാന്തര ക്രിക്കറ്റിനെ ടി20 ലീഗുകള്‍ സ്വാധീനിക്കുന്നത് സങ്കടപ്പെടുത്തുന്നു എന്നും അഫ്രീദി പറഞ്ഞു.

“ഒരു പരമ്പരയുടെ മദ്ധ്യത്തില്‍ വെച്ച് കളിക്കാരെ ഐ.പി.എല്ലിനായി വിട്ട ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ നടപടി അമ്പരപ്പിക്കുന്നു. രാജ്യാന്തര ക്രിക്കറ്റിനെ ടി20 ലീഗുകള്‍ സ്വാധീനിക്കുന്നത് സങ്കടപ്പെടുത്തുന്നു. ചില പുനര്‍വിചിന്തനങ്ങള്‍ നടത്തേണ്ടതുണ്ട്” അഫ്രീദി ട്വീറ്റ് ചെയ്തു.

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പര പാകിസ്ഥാന്‍ 2-1ന് സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ നടപടിയെ വിമര്‍ശിച്ച് അഫ്രീദി രംഗത്ത് വന്നത്. പാകിസ്ഥാനെതിരായ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഡികോക്ക്, റബാഡ, നോര്‍ജെ എന്നിവര്‍ ഉണ്ടായില്ല. ഐ.പി.എല്ലിനായി ഇന്ത്യയിലാണ് ഇവരിപ്പോള്‍.

Image

നിര്‍ണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 28 റണ്‍സിന് കീഴടക്കിയാണ് പാക് പട 2-1ന് പരമ്പര സ്വന്തമാക്കിയത്. മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സാണ് നേടിയത്. ദക്ഷിണാഫ്രിക്കയുടെ മറുപടി 49.3 ഓവറില്‍ 292 റണ്‍സില്‍ അവസാനിച്ചു.