തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടും പുറത്താകാന്‍ നിയോഗം, ഈ താരത്തോട് ചെയ്തത് കടുത്ത അവഗണന

ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പര പ്രഖ്യാപിച്ചപ്പോള്‍ ഒരു ഇന്ത്യന്‍ താരം കണ്ണുനീര്‍ അണിഞ്ഞിട്ടുണ്ടാകും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ടെസ്റ്റില്‍ കുല്‍ദീപ് യാദവിന് പരിക്കേറ്റതിനെ തുടര്‍ന്ന് അവസാന നിമിഷം ടീമിലെത്തിയ ഷഹബാസ് നദീമാണ് ക്രിക്കറ്റ് ലോകത്തിന്‍റെ തന്നെ കണ്ണീരായത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കിട്ടിയ അവസരം മുതലാക്കിയ നദീം ബംഗ്ലാദേശിനെതിരെ ടീം പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായി.

പകരം പരിക്ക് മാറി തിരിച്ചെത്തുന്ന കുല്‍ദീപിനെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവിളിക്കുകയും ചെയ്തു. ഇതോടെ 30-കാരനായ നദീമിന് ഇതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിക്കാനുളള വാതിലുകള്‍ ഏതാണ്ട് അടഞ്ഞത് പോലെയായി.

ഒരു പതിറ്റാണ്ടോളം ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും തകര്‍പ്പന്‍ പ്രകടനം നടത്തിയതിനു ശേഷമാണ് നദീമിന് ഒടുവില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരെ ലഭിച്ച അവസരം നദീം മുതലാക്കുകയും ചെയ്തു. ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നറായ അശ്വിന് അവസാന ടെസ്റ്റില്‍ ഒരു വിക്കറ്റ് മാത്രം ലഭിച്ചപ്പോള്‍ ജഡേജക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയ നദീം നാലു വിക്കറ്റുമായി തിളങ്ങിയിരുന്നു.

നദീമിന്റെ പ്രകടനത്തെ കോച്ച് രവി ശാസ്ത്രിയും ക്യാപ്റ്റന്‍ വിരാട് കോലിയും അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ നദീം വീണ്ടും പടിക്ക് പുറത്തായി. 15 വര്‍ഷം മുമ്പ് 2004-2005 രഞ്ജി സീസണിലാണ് നദീം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ജാര്‍ഖണ്ഡിനായി അരങ്ങേറുന്നത്. ഐപിഎല്ലില്‍ 2012-ലും 2013-ലും 17 വിക്കറ്റുകള്‍ വീഴ്ത്തിയ നദീം 2012-ലെ റൈസിംഗ് സ്റ്റാര്‍ പുരസ്‌കാരവും സ്വന്തമാക്കി.

2012-2013 രഞ്ജി സീസണില്‍ ഒമ്പത് കളികളില്‍ 42 വിക്കറ്റുമായി തിളങ്ങിയിട്ടും നദീമിനെ തേടി ഇന്ത്യന്‍ ടീമിലേക്കുള്ള വിളിയെത്തിയില്ല. 2015-2016 രഞ്ജി സീസണില്‍ 50 ലേറെ വിക്കറ്റുകള്‍ നേടി സെലക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ട നദീമിന് പക്ഷെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറാന്‍ പിന്നെയും മൂന്ന് വര്‍ഷം കാത്തിരിക്കേണ്ടി വന്നു. എന്നാല്‍ സ്വന്തം നാട്ടില്‍ ടെസ്റ്റില്‍ അരങ്ങേറിയ നദീമിന് ഒരു മത്സരത്തിനപ്പുറം ടീമിന് പുറത്താവുകയും ചെയ്തു.

ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം നദീമിന്റെ പേരിലാണ്. വിജയ് ഹസാരെ ട്രോഫിയില്‍ 10 ഓവറില്‍ 10 റണ്‍സ് വഴങ്ങി എട്ടു വിക്കറ്റെടുത്ത നദീമിന്റെ പേരിലാണ് നിലവിലെ ലോക റെക്കോഡ്.