ഇന്ത്യന്‍ ടീമില്‍ വേണ്ടത് സഞ്ജുവിനെ പോലുള്ള ചുണക്കുട്ടികള്‍, രോഹിത്തിനെ പോലുള്ളവരെ എടുത്ത് വെളിയില്‍ കളയണമെന്ന് ഗംഭീര്‍

ഫിയര്‍ലെസ് ക്രിക്കറ്റ് കളിക്കാന്‍ ശേഷിയുള്ള താരങ്ങളായിരിക്കണം അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ വേണ്ടതെന്ന് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവരെ ടി20യില്‍ നിന്ന് മാറ്റിനിര്‍ത്തി ചിന്തിക്കേണ്ട കാലം അതിക്രമിച്ചെന്നും ഗംഭീര്‍ പറഞ്ഞു.

2024ലെ ടി20 ലോകകപ്പില്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവരൊന്നും ഇന്ത്യന്‍ പ്ലാനിന്റെ ഭാഗമാവുമെന്നു ഞാന്‍ കരുതുന്നില്ല. ലോകകപ്പിലെ ഇന്ത്യന്‍ ടീമിനെക്കുറിച്ച് നിങ്ങള്‍ വ്യക്തിപരമായി എന്നോടു ചോദിക്കുകയാണെങ്കില്‍ ഫിയര്‍ ലെസ് ക്രിക്കറ്റ് കളിക്കാന്‍ സാധിക്കുന്നവര്‍ വേണം.

സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരെപ്പോലെയുള്ളവര്‍ സംഘത്തില്‍ വേണം. ഹാര്‍ദിക് പാണ്ഡ്യ അവിടെയുണ്ട്. പൃഥ്വി ഷാ, രാഹുല്‍ ത്രിപാഠി, സഞ്ജു സാംസണ്‍ എന്നിവരെപ്പോലെയുള്ളവരും ടീമില്‍ വേണം.

എല്ലാ കാര്യങ്ങളിലും വ്യക്തത ആവശ്യമാണ്. സെലക്ടര്‍മാരും കളിക്കാര്‍ക്കുമിടയിലുള്ള ആശയവിനിമയം മികച്ചതായിരിക്കണം. സെലക്ടര്‍മാര്‍ സീനിയര്‍ കളിക്കാരെ പരിഗണിക്കുന്നില്ലെന്ന് തീരുമാനിക്കുകയാണെങ്കില്‍ അതു അങ്ങനെ തന്നെയാവണം. ഒരുപാട് രാജ്യങ്ങള്‍ ഇതു ചെയ്തിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്- ഗൗതം ഗംഭീര്‍ പറഞ്ഞു.