ലോക കപ്പ് ടൂര്‍ണമെന്റില്‍ ചട്ടം ലംഘിച്ച് ഭാര്യയെ കൂടെ താമസിപ്പിച്ചു; ഇന്ത്യന്‍ സീനിയര്‍ താരത്തിനെതിരെ അന്വേഷണം

ഇംഗ്ലണ്ടില്‍ നടന്ന ലോക കപ്പ്  ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ സീനിയര്‍ താരം ചട്ടം ലംഘിച്ച് ഭാര്യയെ കൂടെ താമസിപ്പിച്ചതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ സുപ്രീം കോടതി നിയമിച്ച കമ്മറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് വിശദ്ധമായ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് . ഇക്കാര്യത്തില്‍ താരം കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ അദ്ദേഹത്തിനെതിരെ കനത്ത ശിക്ഷാനടപടി ഉണ്ടായേക്കും.

പ്രധാന പരമ്പരകള്‍ക്കിടെ 15 ദിവസം ഭാര്യയെ കൂടെ താമസിപ്പിക്കാനാണ് ക്രിക്കറ്റ് ഭരണസമിതി അനുമതി നല്‍കിയിരിക്കുന്നത്. താരം ഭാര്യയെ കൂടെ താമസിപ്പിക്കാന്‍ ബി.സി.സി.ഐ. നിര്‍വഹണ സമിതിയുടെ അനുമതി തേടിയിരുന്നു. എന്നാല്‍, മേയ് മൂന്നിലെ മീറ്റിംഗില്‍ സി.ഒ.എ. അനുമതി നിഷേധിച്ചു. ഭാര്യമാരെ 15 ദിവസത്തിനുശേഷം കൂടെ താമസിപ്പിക്കണമെങ്കില്‍ ക്യാപ്റ്റന്റെയും കോച്ചിന്റെയും അനുമതി ആവശ്യമുണ്ട്. എന്നാല്‍, ഈ അനുമതിയും താരത്തിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം.

അതേസമയം, ഏത് സീനിയര്‍ താരമാണ് അച്ചടക്കലംഘനം നടത്തിയതെന്ന കാര്യം ഇത് വരെ പുറത്ത് വിട്ടിട്ടില്ല. ഈ താരത്തിന്റെ ഭാര്യ ടൂര്‍ണമെന്റിന്റെ ഏഴ് ആഴ്ചയും ഒപ്പം ഉണ്ടായിരുന്നു എന്നാണ് വിവരം.