പാകിസ്ഥാനില്‍ എന്തും നടക്കും, ശ്രീശാന്തിനോട് സെവാഗ്

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴ് വര്‍ഷമായി കുറച്ച ബിസിസിഐ നടപടിയില്‍ സന്തോഷം പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്ര സെവാഗ്. എന്നാല്‍ ദേശീയ ക്രിക്കറ്റ് ടീമിലേക്ക് ശ്രീശാന്ത് തിരിച്ചുവരുന്ന കാര്യത്തില്‍ വീരേന്ദ്ര സെവാഗിന് സംശയമുണ്ട്.

“ശ്രീശാന്തിന് അനുകൂലമായി വിധി വന്നതില്‍ ഏറെ സന്തോഷം. എന്നാല്‍ ദേശീയ ക്രിക്കറ്റ് ടീമില്‍ മടങ്ങിയെത്തുക എന്ന ആഗ്രഹത്തിന് അദ്ദേഹം ആഭ്യന്തര ക്രിക്കറ്റ് കളിച്ചു തുടങ്ങണം.”” ന്യൂഡല്‍ഹിയില്‍ ഒരു സ്വകാര്യ ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സെവാഗ്.

കോഴ വിവാദത്തില്‍ കുടുങ്ങിയ പാകിസ്ഥാന്‍ താരം മുഹമ്മദ് ആമിറിന് തിരിച്ചുവരവ് സാധ്യമായില്ലേ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് രസകരമായിരുന്നു സെവാഗിന്റെ മറുപടി. പാകിസ്ഥാനില്‍ എന്തും നടക്കുമെന്നാണ് സെവാഗ് പ്രതികരിച്ചത്.

നേരത്തെ വിലക്ക് വെട്ടിക്കുറച്ചതോടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തണമെന്ന് ശ്രീശാന്ത് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ കയറിപറ്റി 100 വിക്കറ്റ് തികയ്ക്കണം എന്നാണ് ശ്രീശാന്ത് പറഞ്ഞത്.

അടുത്ത വര്‍ഷം ഓഗസ്റ്റ് മുതല്‍ ബിസിസിഐയുടെ കീഴില്‍ നടക്കുന്ന ഏത് ടൂര്‍ണമെന്റിലും ശ്രീശാന്തിന് കളിക്കാം.