ഈ താരത്തെ ചീഫ് സെലക്ടറാക്കണം, കോഹ്ലിയേയും ശാസ്ത്രിയേയും ഞെട്ടിച്ച് സെവാഗ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുക്കുന്ന നിലവിലെ സെലക്ഷന്‍ കമ്മിറ്റിയുടെ കാലാവധി കഴിയാനിരിക്കെ പുതിയ സംഘത്തെ കുറിച്ചുളള ചര്‍ച്ചയിലാണ് ക്രിക്കറ്റ് ലോകം. നിലവിലെ ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ യോഗ്യരായവര്‍ ഈ സ്ഥാനത്ത് എത്തണമെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന്റെ ആവശ്യം.

അതിനിടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും പരിശീലകനുമായ അനില്‍ കുംബ്ലെയെ സെലക്ഷന്‍ കമ്മറ്റിയുടെ ചെയര്‍മാന്‍ ആക്കണമെന്ന ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. കുംബ്ലെ ആ സ്ഥാനത്തേക്കുള്ള ശരിയായ തീരുമാനമാണെന്ന് സെവാഗ് വ്യക്തമാക്കി.

കുംബ്ലെയെ പോലൊരു താരത്തിനെതിരെ കളിപരിചയം ഇല്ല എന്ന തരത്തിലുളള വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരില്ല. മാത്രമല്ലെന്നും പരിശീലകനെന്ന നിലയിലും കുംബ്ലെയ്ക്ക് പരിചയമുണ്ടെന്നത് സെവാഗ് ചൂണ്ടിക്കാട്ടി.

അതേസമയം, കുംബ്ലെ ഈ ജോലിക്ക് സമ്മതം മൂളുമെന്ന് സെവാഗ് കരുതുന്നില്ല. അതുകൊണ്ടു തന്നെ ബിസിസിഐ സെലക്ടര്‍മാര്‍ക്കുള്ള ശമ്പളം ഉയര്‍ത്തണമെന്നും സെവാഗ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വാര്‍ഷിക ശമ്പളമായി ചെയര്‍മാന് ഇപ്പോള്‍ ഒരു കോടി രൂപയാണ് ലഭിക്കുന്നത്. ശമ്പളം ഉയര്‍ത്തുകയാണെങ്കില്‍ മുന്‍ കളിക്കാരും ഈ ജോലിക്കെത്തുമെന്ന് താരം പറയുന്നുണ്ട്. താനും ഒരുപക്ഷെ അവിടെയെത്തിയേക്കാമെന്നും സെവാഗ് ചൂണ്ടിക്കാട്ടി.

ചീഫ് സെലക്ടര്‍ ആകണമെങ്കില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടായേക്കും. താനിപ്പോള്‍ കോളം എഴുതുന്നുണ്ട്. കൂടാതെ ടിവി ചാനലുകളില്‍ എത്തുന്നു. ചെയര്‍മാന്‍ ആകുകയാണെങ്കില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകും. അതുകൊണ്ടു തന്നെ തനിക്ക് അത് യോജിക്കുമെന്ന് തോന്നുന്നില്ലെന്നും സെവാഗ് വ്യക്തമാക്കി.

നേരത്തെ ഇന്ത്യന്‍ പരിശീലകനായിരുന്നപ്പോള്‍ വിരാട് കോഹ്ലിയും അനില്‍ കുംബ്ലെയും കടുത്ത അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് കോഹ്ലിയുടെ അഭിപ്രായവും മാനിച്ചാണ് രവി ശാസ്ത്രിയെ പരിശീലകനാക്കിയത്. കുംബ്ലെ സെലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ ആക്കിയാല്‍ ടീമില്‍ വീണ്ടും അസ്വാരസ്യങ്ങള്‍ ഉടലെടുക്കാനുള്ള സാദ്ധ്യതയുമുണ്ട്.