ചരിത്രം പിറന്നു, രഞ്ജി ട്രോഫിയില്‍ ആദ്യമായി മുത്തമിട്ട് പൂജാരയുടെ സൗരാഷ്ട്ര

രാജ്‌കോട്ട് രഞ്ജി ട്രോഫി ഫൈനല്‍ പോരാട്ടം സമനിലയില്‍ അവസാനിച്ചെങ്കിലും ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ കരുത്തില്‍ സൗരാഷ്ട്രയ്ക്ക് കന്നിക്കിരീടം. ഇഞ്ചോടിഞ്ച് പൊരുതിയ ബംഗാളിനെ ഒന്നാം ഇന്നിംഗ്സില്‍ നേടിയ 44 റണ്‍സിന്റെ ലീഡിന്റെ പിന്‍ബലത്തിലാണ് സൗരാഷ്ട്ര മറികടന്നത്.

മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത സൗരാഷ്ട്ര 425 റണ്‍സാണ് നേടിയത്. ബംഗാള്‍ പൊരുതി നോക്കിയെങ്കിലും ഒന്നാം ഇന്നിംഗ്സില്‍ നേടാനായത് 381 റണ്‍സ് മാത്രം. സൗരാഷ്ട്ര രണ്ടാം ഇന്നിംഗ്സില്‍ 34 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെടുത്ത് നില്‍ക്കെ ഇരു ടീമുകളുടെയും നായകന്‍മാര്‍ സമനില സമ്മതിച്ചു.

ഒടുവിലെ ഏഴു സീസണുകളിലായി നാലാം ഫൈനല്‍ കളിച്ച സൗരാഷ്ട്രയ്ക്ക് കന്നിക്കിരീടം സ്വന്തം. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ സൗരാഷ്ട്ര വിദര്‍ഭയോടു തോറ്റിരുന്നു. നാലാം ദിവസത്തെ സ്‌കോറായ ആറിന് 354-ല്‍ നിന്ന് 27 റണ്‍സ് കൂട്ടി ചേര്‍ക്കുമ്പോഴേക്കും ബംഗാള്‍ ഔള്‍ഔട്ടാകുകയായിരുന്നു.

അവശേഷിച്ച നാല് വിക്കറ്റില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ സൗരാഷ്ട്ര നായകന്‍ ജദേവ് ഉനദ്കട് ആണ് ബംഗാള്‍ പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയത്. ഒരു റണ്ണൗട്ടിനും ഉനദ്കട് ചുക്കാന്‍ പിടിച്ചു.

മത്സരത്തില്‍ ഉനദ്കട് ആകെ വീഴ്ത്തിയ രണ്ട് വിക്കറ്റ് ആണ് എന്നതാണ് ഏറെ ശ്രദ്ധേയം. ബംഗാള്‍ ഏഴ് റണ്‍സ് ചേര്‍ക്കുന്നതിനിടെ 63 റണ്‍സെടുത്ത മജുമന്ദറിനെ ഉനദ്കട് പുറത്താക്കിയതാണ് ബംഗാളിന് തിരിച്ചടിയായത്. പിന്നീട് ബംഗാള്‍ എളുപ്പം ഓള്‍ഔട്ടാകുകയായിരുന്നു. 40 റണ്‍സെടുത്ത നന്ദി പുറത്താകാതെ നിന്നു.