ഉനദ്കട് നിറഞ്ഞാടി, രഞ്ജിയില്‍ സൗരാഷ്ട്ര കിരീടത്തിലേക്ക്

രഞ്ജി ട്രോഫിയില്‍ കിരീടം ഉറപ്പിച്ച് സൗരാഷ്ട്ര. ആവേശകരമായ മത്സരത്തിലെ ആദ്യ ഇന്നിംഗ്‌സില്‍ 44 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയതോടെയാണ് സൗരാഷ്ട്ര കിരീടത്തോട് അടുത്തത്. മത്സരത്തിന്റെ അവസാനദിനമായ ഇന്ന് അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമാണ് ബംഗാളിന് ഇനി മത്സരം ജയിക്കാനാകു.

സൗരാഷ്ട്രയുടെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറായ 425-ന് മറുപടിയായി ബാറ്റ് ചെയ്ത ബംഗാളിന് 381 റണ്‍സ് എടുക്കാനെ സാധിച്ചുളളു. നാലാം ദിവസത്തെ സ്‌കോറായ ആറിന് 354-ല്‍ നിന്ന് 27 റണ്‍സ് കൂട്ടിചേര്‍ക്കുമ്പോഴേക്കും ബംഗാള്‍ ഔള്‍ഔട്ടാകുകയായിരുന്നു.

അവശേഷിച്ച നാല് വിക്കറ്റില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ സൗരാഷ്ട്ര നായകന്‍ ജദേവ് ഉനദ്കട് ആണ് ബംഗാള്‍ പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയത്. ഒരു റണ്ണൗട്ടിനും ഉനദ്കട് ചുക്കാന്‍ പിടിച്ചു.

മത്സരത്തില്‍ ഉനദ്കട് ആകെ വീഴ്ത്തിയ രണ്ട് വിക്കറ്റ് ആണ് എന്നതാണ് ഏറെ ശ്രദ്ധേയം. ബംഗാള്‍ ഏഴ് റണ്‍സ് ചേര്‍ക്കുന്നതിനിടെ 63 റണ്‍സെടുത്ത മജുമന്ദറിനെ ഉനദ്കട് പുറത്താക്കിയതാണ് ബംഗാളിന് തിരിച്ചടിയായത്. പിന്നീട് ബംഗാള്‍ എളുപ്പം ഓള്‍ഔട്ടാകുകയായിരുന്നു. 40 റണ്‍സെടുത്ത നന്ദി പുറത്താകാതെ നിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ സൗരാഷ്ട്ര വിക്കറ്റൊന്നും നഷ്ടപ്പെടാതെ 27 റണ്‍സ് എടുത്തിട്ടുണ്ട്. ഇതോടെ സൗരാഷ്ട്രയുടെ ലീഡ് 71 റണ്‍സായി. ഇതോടെ സൗരാഷ്ട്ര രഞ്ജി ചാമ്പ്യന്‍മാരാകുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് ക്രിക്കറ്റ് ലോകം.