ട്രോഫിയും പുരസ്‌കാരവും നേടിയ സഞ്ജു സംസാരിച്ചത് മലയാളത്തില്‍ ആയിരുന്നു, ഈ വിജയത്തിന് കൂടെ നിന്ന മൂന്നരകോടി ജനങ്ങള്‍ക്കും നന്ദി പറഞ്ഞു

 

പ്രവീണ്‍ പുള്ളോടന്‍ 

കാലാവര്‍ഷം വിരുന്നിനെത്തിയ ചെറിയ ചാറ്റല്‍ മഴയുള്ള ഇന്നത്തെ തണുത്ത പുലരിയില്‍ ഞാനൊരു സ്വപ്നം കണ്ടു. ഞാന്‍ കണ്ടത് ഒരിക്കലും നടക്കാന്‍ സാധ്യത ഇല്ലാത്ത വന്യമായ ഒരു സ്വപ്നമൊന്നും ആയിരുന്നില്ല. ഒരു രാതി കൂടി മറഞ്ഞാല്‍ ചിലപ്പോള്‍ സംഭവിച്ചേക്കാവുന്ന ഒരു യാഥാര്‍ഥ്യം. ഗുജറാത്തും രാജസ്ഥാനും തമ്മില്‍ ഉള്ള ക്രിക്കറ്റ് യുദ്ധം ആയിരുന്നു ഞാന്‍ കണ്ട സ്വപ്നം.

ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഒരു ലക്ഷത്തില്‍ അധികം വരുന്ന ഗുജറാത്ത് ആരാധകരുടെ ശബ്ദം ഞാന്‍ കേട്ടില്ല, പകരം മുണ്ടും ഷര്‍ട്ടും ധരിച്ചെത്തിയ പുരുഷന്മാരും കസവു സാരി ചുറ്റി എത്തിയ സ്ത്രീകളും ആയിരുന്നു ഞാന്‍ ഞാന്‍ കണ്ട സ്വപ്നത്തില്‍ സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നത്. അവരുടെ ആര്‍പ്പുവിളികള്‍ എനിക്കറിയാവുന്ന എന്റെ ഭാഷയില്‍ ആയിരുന്നു. ആ ആര്‍പ്പുവിളികള്‍ക്കിടയില്‍ ആണ് മൈതാന മധ്യത്തിലേക്ക് ടോസ് ഇടാനായി ഇന്നത്തെ രാജകുമാരനും ഒരു പക്ഷെ നാളത്തെ രാജാവും ആയ സഞ്ജു സാംസണ്‍ ഇറങ്ങിയത്.

ടോസില്‍ എന്നും പിന്തുടരുന്ന നിര്‍ഭാഗ്യം ഇത്തവണ അവനെ പിടികൂടിയില്ല. നാണയം കറങ്ങിതിരിഞ്ഞു അവനു അനുകൂലമായി നിലത്തു വീണപ്പോള്‍ ആദ്യം ബൗള്‍ ചെയ്യാന്‍ തന്നെ അവന്‍ തീരുമാനിച്ചു.എതിരാളി മുന്നില്‍ വച്ചു തരുന്ന സ്‌കോര്‍ നോക്കി ആവശ്യം ഉള്ളപ്പോ വേഗത്തിലും നല്ല പന്തുകളെ ബഹുമാനിച്ചും വേണ്ട സ്‌കോറില്‍ എത്തപ്പെടാം എന്ന ആനുകൂല്യം ടോസിലൂടെ ഇത്തവണ അവനു ലഭിച്ചു.

ബൗളിങ് ആരംഭിച്ചു. സാഹയും, ഗില്ലും ഒന്നും അധികം കടന്ന് ആക്രമിച്ചില്ല. പവര്‍ പ്ലെ കഴിയുമ്പോള്‍ അമ്പതില്‍ അധികം റന്‍സ് മാത്രം. പ്രസിദ്ധയും ബോള്‍ട്ടും ഒക്കെ മാന്യമായ രീതിയില്‍ പന്ത് എറിയുന്നു. മാക്കോയിയെയും, ചഹാലിനെയും അശ്വിവിനെയും ഒക്കെ തന്നെ മാന്യമായ ബഹുമാനം നല്‍കി പാന്ധ്യയും കൂട്ടരും നേരിടുന്നു. പക്ഷെ ഏറ്റവും മികച്ച ഫിനിഷിങ് സൈഡ് ഉള്ള ഗുജറാത്ത് അവസാന കൂട്ട പൊരിച്ചിലില്‍ സ്‌കോര്‍ 190 നടത്തുന്നു. ജയിക്കാന്‍ കേരളത്തിനു അല്ല രാജസ്ഥാന് വേണ്ടത് 191 റണ്‍സ്.

നേടിയെടുക്കാന്‍ പറ്റുന്ന സ്‌കോര്‍ തന്നെ എന്ന് വിശ്വസിച്ചു വിജയം മനസ്സില്‍ സ്വപ്നം കണ്ട് ഇടവേളക്കായി അവര്‍ കൂടാരം കയറുന്നു. ജെയ്‌സവാളും ബട്ട്‌ലറും ചേര്‍ന്ന് മികച്ച തുടക്കം രാജസ്ഥാന് നല്‍കുന്നു. ബട്‌ലര്‍ ശാന്തനായിരുന്നു. ജയിസ്വള്‍ ആയിരുന്നു അപകടകാരി. കുറഞ്ഞ പന്തില്‍ നാല്‍പതുകള്‍ നേടി അവന്‍ പുറത്താകുന്നു. റണ്‍ മല കയറി നില്‍ക്കുന്ന ബട്‌ലര്‍ എന്ന നായകന് കൂട്ടായി സാക്ഷാല്‍ നായകന്‍ എത്തുന്നു. ബട്‌ലര്‍ അവിടെ നങ്കൂരം ഇട്ട് നില്‍ക്കണം എന്നത് ടീമിന്റെ ആവശ്യം ആയതിനാല്‍ ജെയ്സ്വാള്‍ നിര്‍ത്തിയ ആക്രമണം സഞ്ജു തുടരുന്നു. വിക്കറ്റ് നഷ്ടപ്പെടാതെ സഞ്ജുവും ടീമും വിജയതീരത്ത് എത്താന്‍ പോകുന്നു എന്ന് തോന്നിക്കുന്ന സമയം അന്‍പതു നേടിയ ബട്‌ലര്‍ പുറത്തേക്ക്.

ബട്‌ലര്‍ ന് പകരം എത്തിയത് മറ്റൊരു മലയാളി, പടിക്കല്‍. പത്തൊന്‍പതാം ഓവറിലെ രണ്ടാം പന്തില്‍ സഞ്ജു തേര്‍ഡ് മാനിലേക്ക് തട്ടിയിട്ട പന്തില്‍ റണ്‍സ് നേടുന്നതിനായി ആ ഇരുപത്തിരണ്ട് വാര പിച്ചില്‍ രണ്ട് മലയാളികള്‍ ക്രോസ് ചെയ്യുമ്പോള്‍ പിറന്നത് മറ്റൊരു ചരിത്രം. 48 ബോളില്‍ 76 റണ്‍സ് നേടി സഞ്ജു മാന്‍ ഓഫ് ദി മാച്ചും നേടുന്നു.

എന്റെ സ്വപ്നം അവിടെയും അവസാനിച്ചില്ല. ട്രോഫിയും പുരസ്‌കാരവും നേടിയ സഞ്ജു സംസാരിച്ചത് മലയാളത്തില്‍ ആയിരുന്നു. എന്റെ ഈ വിജയത്തിന് കൂടെ നിന്ന മൂന്നരകോടി ജനങ്ങള്‍ക്കും നന്ദിയും പറഞ്ഞു.

ടി20 ക്രിക്കറ്റിലെ ഏറ്റവും വലിയ ട്രോഫിയും ആയി നമ്മുടെ മലയാളി പയ്യന്‍ ഗുജറാത്തിലെ മോദി സ്റ്റേഡിയം വലം വാക്കുമ്പോള്‍ ആ സ്റ്റേഡിയത്തില്‍ ബാക്കി ഉണ്ടായിരുന്ന ഏതോ മലയാളി ഉച്ചത്തില്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു ‘സഞ്ജു, ഡാ മുത്തേ നീ ആണ് യഥാര്‍ത്ഥ പോരാളി ‘ എന്ന്. എന്റെ പുലര്‍കാല സ്വപ്നം യാഥാര്‍ഥ്യമാവാന്‍ എല്ലാരുടെയും പ്രാര്‍ത്ഥന പ്രതീക്ഷിച്ചു കൊണ്ട്..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍