സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിംഗും രക്ഷയായില്ല; നാണം കെട്ട് കേരളം

സഞ്ജു വെടിക്കെട്ടില്‍ മതിമറന്ന് മറ്റ് താരങ്ങള്‍ കളിമറന്നപ്പോള്‍ സയ്യിദ് മുഷ്താഖ് അലി ടി20 ചാംപ്യന്‍ഷിപ്പില്‍ കേരളം തോല്‍വിയോടെ മടങ്ങി. കര്‍ണാടയ്‌ക്കെതിരെ 20 റണ്‍സിന്റെ തോല്‍വിയാണ് കേരളം ഇരന്നു വാങ്ങിയത്. കര്‍ണാടകം ഉയര്‍ത്തിയ 182 റണ്‍സിന് മറുപടി ബാറ്റിനിറങ്ങിയ കേരളത്തിന് സഞ്ജു-വിഷ്ണു വിനോദ് സഖ്യം ഒന്നാം വിക്കറ്റില്‍ മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ പിന്നീടു വന്നവര്‍ അവസരത്തിനൊത്ത് ഉയരാതിരുന്നതോടെ കേരളം 19.2 ഓവറില്‍ 161 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ഇതോടെ ദക്ഷിണമേഖലാ ഗ്രൂപ്പില്‍ അഞ്ചില്‍ നാല് കളിയും തോറ്റാണ് കേരളം പുറത്തായത്.

41 പന്തില്‍ നിന്ന് 71 റണ്‍സാണ് സഞ്ജു അടിച്ചു കൂട്ടിയത്. എട്ട് ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. വിഷ്ണു വിനോദ് 46 റണ്‍സ് നേടി. മികച്ച ഓപ്പണിങ് കൂട്ടുകെട്ടില്‍ ഒമ്പതോവറില്‍ കേരളം 100 കടന്നു. കേരളം ജയിക്കുമെന്ന് ഉറപ്പിച്ചെങ്കിലും അടുത്ത അടുത്ത ബോളുകളുല്‍ പുറത്തായത് കളിയുടെ ഗതിമാറ്റി. പിന്നീട് തുടരെ തുടരെ വിക്കറ്റുകള്‍ കൊഴിഞ്ഞു. കര്‍ണാടകത്തിനുവേണ്ടി പ്രവീണ്‍ ദുബേ മൂന്നും വിനയ് കുമാര്‍ രണ്ടും വിക്കറ്റുകളെടുത്തു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റുചെയ്ത കര്‍ണാടകം മായങ്ക് അഗര്‍വാളിന്റെ (58 പന്തില്‍ 86) ബാറ്റിങ് മികവില്‍ 20 ഓവറില്‍ ആറിന് 181 റണ്‍സെടുക്കുകയായിരുന്നു. കേരളത്തിനുവേണ്ടി കെഎം ആസിഫ് രണ്ടു വിക്കറ്റെടുത്തു. ദക്ഷിണമേഖലാ ഗ്രൂപ്പില്‍നിന്ന് 16 പോയിന്റ് വീതം നേടിയ കര്‍ണാടകയും തമിഴ്നാടും സൂപ്പര്‍ലീഗിലേക്ക് യോഗ്യത നേടി.