സഞ്ജുവിനെ കാത്തിരിക്കുന്നത് ആ സുവര്‍ണാവസരം, മുതലാക്കുമോ?

മലയാളി താരം സഞ്ജു സാംസണ് ഒരിക്കല്‍ കൂടി ടീം ഇന്ത്യയിലേക്ക് എന്‍ട്രി ലഭിച്ചതോടെ കാത്തിരിക്കുന്നത് സുവര്‍ണാവസരം. ന്യൂസിലന്‍ഡിനെതിരെ മികച്ച പ്രകടനം കാഴ്ച്ച വെച്ചാല്‍ ഈ വര്‍ഷം നടക്കുന്ന ടി20 ലോക കപ്പില്‍ കളിക്കാനുളള അവസരമാണ് സഞ്ജുവിനെ തേടിയെത്തുക. പരമ്പരയില്‍ സഞജുവിന് ലഭിക്കുന്ന അവസരങ്ങളും ആ അവസരങ്ങള്‍ മലയാളി താരം എങ്ങനെ പ്രയോജനപ്പെടുത്തും എന്നതിനേയും അടിസ്ഥാനപ്പെടുത്തിയിരിക്കും ലോക കപ്പ് ടീമിലെ സഞ്ജുവിന്റെ സാദ്ധ്യത.

ഇന്ത്യന്‍ താരം ശിഖര്‍ ധവാന് പരിക്കേറ്റതിനെ തുടര്‍ന്നാണ് സഞ്ജുവിനെ നാലാം തവണയും ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചിരിക്കുന്നത്. ഗാംഗുലിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് സഞ്ജുവിനെ തന്നെ ഒരിക്കല്‍ കൂടി ടി20യില്‍ പരീക്ഷിക്കാന്‍ തീരുമാനിച്ചത്.

ബംഗ്ലാദേശിനും വെസ്റ്റ് ഇന്‍ഡീസിനും ശ്രീലങ്കക്കും എതിരായ പരമ്പരകളില്‍ സഞ്ജു ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. എന്നാല്‍ ശ്രീലങ്കക്കെതിരായ അവസാന ടി20യില്‍ മാത്രമാണ് സ്ജുവിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്. ആ മത്സരത്തില്‍ രണ്ട് പന്തില്‍ ആറ് റണ്‍സായിരുന്നു സഞ്ജുവിന്റെ സംഭാവന.

ശ്രീലങ്കക്കെതിരെ വിശ്രമം അനുവദിച്ച രോഹിത് ശര്‍മ തിരിച്ചെത്തിയതോടെ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ നിന്ന് സഞ്ജുവിനെ സെലക്ടര്‍മാര്‍ ഒഴിവാക്കുകയായിരുന്നു. ഓസ്‌ട്രേലിയക്കിതിരായ മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡിംഗിനിടെയാണ് ശിഖര്‍ ധവാന് വീണ് തോളിന് പരിക്കേറ്റത്. എംആര്‍ഐ സ്‌കാനിംഗില്‍ ധവാന് ഗ്രേഡ് -2 പരിക്കാണെന്ന് സ്ഥിരീകരിച്ചു.

Read more

ന്യൂസിലന്‍ഡിനെതിരെ അഞ്ച് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. 24-നാണ് ആദ്യ ടി20 മത്സരം. പരമ്പരക്കായി ഇന്ത്യന്‍ ടീം ഇന്ന് ന്യൂസിലന്‍ഡിലെത്തിയിരുന്നു. ഇന്ത്യ എ ടീമിനൊപ്പം ന്യൂസിലന്‍ഡിലുള്ള സഞ്ജു ഇന്ത്യന്‍ ടീമിനൊപ്പം ചേരും. അഞ്ച് മത്സര പരമ്പര ആയതിനാല്‍ സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ.