വിചിത്ര പ്രതികരണമായി സഞ്ജു, ക്രിക്കറ്റ് ലോകത്ത് ചൂടന്‍ ചര്‍ച്ച

മലയാളി താരം സഞ്ജു വി സാംസണ്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയ സ്റ്റാറ്റസിന്റെ അര്‍ത്ഥതലങ്ങള്‍ പരതി അലയുകയാണ് ആരാധകരിപ്പോള്‍. ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താക്കപ്പെടുകയും ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ ഉള്‍പ്പെടാതിരിക്കുകയും ചെയ്തതിന് പിന്നാലെയാണ് വിചിത്രമായൊരുന്നു ട്വീറ്റ് സഞ്ജു പോസ്റ്റ് ചെയ്തത്.

ഒരു കോമ മാത്രമാണ് സഞ്ജുവിന്റെ ട്വീറ്റ്. ഇതിലൂടെ എന്താണ് സഞ്ജു ഉദ്ദേശിച്ചിരിക്കുന്നത് എന്ന് തിരയുകയാണ് ക്രിക്കറ്റ് ലോകം.

ഒന്നും അവസാനമല്ലെന്നും ഫുള്‍സ്റ്റോപ്പ് ഇട്ട് നിര്‍ത്തേണ്ട സമയമെത്തിയിട്ടില്ലെന്നുമാണ് സഞ്ജു ഈ ട്വീറ്റിലൂടെ സൂചിപ്പിക്കുന്നത് എന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ താന്‍ “കോമയിലാണെന്ന്” സൂചിപ്പിക്കാനാണ് സഞ്ജു ഈ ട്വീറ്റ് ചെയതതെന്ന വാദവും മറ്റൊരു വിഭാഗം ആരാധകര്‍ ഉയര്‍ത്തുന്നത്. ഏതായാലും ഈ ട്വീറ്റിനെ കുറിച്ച് രസകരമായ നിരവധി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷമാണ് സഞ്ജു ടീമിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ എട്ട് മത്സരത്തെ കാത്തിരിപ്പിന് ശേഷം ഒരു മത്സരം മാത്രം കളിക്കാനാണ് സഞ്ജുവിന് അവസരം നല്‍കിയത്. അഞ്ച് വര്‍ഷത്തിന് ശേഷം ഇന്ത്യയ്ക്കായി ബാറ്റിംഗിന് ഇറങ്ങിയപ്പോള്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്സ് പറത്തി സഞ്ജു ആരാധകരെ ത്രില്ലടിപ്പിച്ചിരുന്നു. നിലവില്‍ ഇന്ത്യ എയ്ക്കൊപ്പം ന്യൂസിലാന്‍ഡിലാണ് സഞ്ജു.