സഞ്ജുവിനായി കോഹ്ലി വഴി മാറുമോ? സാദ്ധ്യത ഇങ്ങനെ

ന്യൂസിലന്‍ഡിനെതിരെ ആദ്യ ടി20യില്‍ മലയാളി ക്രിക്കറ്റ് പ്രേമികളെല്ലാം ഉറ്റുനോക്കുന്നത് സഞ്ജു സാംസണ്‍ കളിയ്ക്കുമോയെന്നാണ്. ശ്രീലങ്കയ്‌ക്കെതിരെ അവസാന ടി20 കളിച്ച ടീമിനെ തന്നെ നിലനിര്‍ത്താന്‍ കോഹ്ലി തയ്യാറായാല്‍ സഞ്ജു പ്ലെയിംഗ് ഇലവനില്‍ തുടരും.

അങ്ങനെയെങ്കില്‍ സഞ്ജുവിനായി കോഹ്ലി മൂന്നാം സ്ഥാനവും വിട്ടുകൊടുത്തേയ്ക്കും. ശ്രീലങ്കയ്‌ക്കെതിരെ കോഹ്ലി നാലാം സ്ഥാനത്തേയ്ക്ക് സ്വയം പിന്‍വാങ്ങി പകരം സഞ്ജുവിനെ മൂന്നാമനായി കളിപ്പിച്ചിരുന്നു. മത്സരത്തില്‍ ആദ്യ പന്തില്‍ തന്നെ സിക്‌സ് അടിച്ച സഞ്ജു രണ്ടാം പന്തില്‍ എല്‍ബിയില്‍ കുടുങ്ങി പുറത്താകുകയായിരുന്നു. ടി20 ബാറ്റിങ് ഓര്‍ഡറില്‍ നായകന്‍ വിരാട് കോഹ്ലിയുടെ പരീക്ഷണങ്ങള്‍ അവസാനിച്ചിട്ടില്ലയെന്നത് ഈ പ്രതീക്ഷകള്‍ക്ക് ബലമേകുന്നു.

ശിഖര്‍ ധവാന്റെ പകരക്കാരനായതിനാല്‍ തന്നെ മൂന്നാം ഓപ്പണറായിട്ടാണ് നിലവില്‍ സഞ്ജുവിനെ സെലക്ടര്‍മാര്‍ 16 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏത് റോളിലും തിളങ്ങാന്‍ സാധിക്കുമെന്ന് തെളിയിച്ച കെ.എല്‍.രാഹുല്‍ തന്നെയായിരിക്കും രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുന്നത്.

വരാനിരിക്കുന്ന ടി20 ലോക കപ്പ് തന്നെയാണ് ഇന്ത്യ മുന്നില്‍ കാണുന്നത്. മികച്ച പ്ലെയിംഗ് ഇലവനൊപ്പം ബെഞ്ച് സ്‌ട്രെംഗത്തും ഉറപ്പു വരുത്തേണ്ടതുണ്ട്. മൂന്നാം നമ്പറില്‍ മറ്റൊരു താരത്തെ കണ്ടെത്താനായാല്‍ മധ്യനിരയില്‍ കോഹ്ലിക്ക് കൂടുതല്‍ ആക്രമണകാരിയാകാന്‍ സാധിക്കും. ഇതിനോടകം തന്നെ നിരവധി താരങ്ങളെ മൂന്നാം നമ്പറില്‍ എത്തിച്ചെങ്കിലും വിശ്വസ്തത തെളിയിക്കാന്‍ ആര്‍ക്കും സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ന്യൂസിലന്‍ഡ് പര്യടനത്തിലും നായകന്റെ പരീക്ഷണങ്ങള്‍ തുടരും.