'സഞ്ജു മോശമായി ബാറ്റുചെയ്യുന്നതു ഞാന്‍ കണ്ടിട്ടേയില്ല'; പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം

 

സഞ്ജു സാംസണിന്റെ ബാറ്റിംഗ് ശൈലിയെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയോടു താരമത്യം ചെയ്ത് ആകാശ് ചോപ്ര. സഞ്ജു മോശമായി ബാറ്റുചെയ്യുന്നതു ഞാന്‍ കണ്ടിട്ടേയില്ലെന്നും രോഹിത് ശര്‍മയുടെ വിഭാഗത്തില്‍ പെടുത്താവുന്ന താരമാണു സഞ്ജുവെന്നും ചോപ്ര പറഞ്ഞു.

‘സഞ്ജു വളരെ നന്നായി ബാറ്റു ചെയ്തു. 42 പന്തില്‍ 77 റണ്‍സാണ് നേടിയത്. സഞ്ജുവിന്റെ തുടക്കം മികച്ചായിരുന്നു. മധ്യ ഓവറുകളില്‍ സ്‌കോറിംഗ് വേഗം അല്‍പം കുറഞ്ഞു, പിന്നീടു തകര്‍ത്തടിച്ചു.’

‘നല്ല ടച്ചിലാണെങ്കില്‍ വളരെ മികച്ച ബാറ്റിങ്ങാണു സഞ്ജു കാഴ്ചവയ്ക്കുന്നത്. സഞ്ജു മോശമായി ബാറ്റുചെയ്യുന്നതു ഞാന്‍ കണ്ടിട്ടേയില്ല. രോഹിത് ശര്‍മയുടെ വിഭാഗത്തില്‍ പെടുത്താവുന്ന താരമാണു സഞ്ജു.’

‘ബാറ്റിംഗിന് ഇറങ്ങുന്ന അവസരങ്ങളിലെല്ലാം അതിമനോഹരമായി ബാറ്റു ചെയ്യുക, അനായാസം റണ്‍സ് നേടുക, മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുക. ഇതാണ് ഇവരുടെ പ്രത്യേകത’ ചോപ്ര അഭിപ്രായപ്പെട്ടു.