അയാൾ നിർഭാഗ്യവാനായ ഒരു കളിക്കാരനാണ്, വെളിപ്പെടുത്തലുമായി മുൻ പാക് താരം

മലയാളികളുടെ അഭിമാനം സഞ്ജു സാംസൺ ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പറാകുന്നത് കാണാൻ കൊതിച്ചിരിക്കുകയാണ് ആരാധകർ. ആഭ്യന്തര ക്രിക്കറ്റിലും ഐ.പി.എലിലും സ്ഥിരതയാർന്ന പ്രകടനങ്ങൾ നടത്തിയ താരത്തിന് ഇന്ത്യൻ ടീമിൽ ഒരുപാട് അവസരങ്ങൾ ലഭിച്ചിട്ടില്ല. ടി20 ലോകകപ്പ് വരാനിരിക്കെ സ്ഥിരതയാർന്ന പ്രകടനങ്ങളിലൂടെ ടീമിൽ സ്ഥാനം ഉറപ്പിക്കാൻ ശ്രമിക്കുന്ന സഞ്ജുവിനെക്കുറിച്ച് ഒരു കമന്റ് പറഞ്ഞിരിക്കുകയാണ് മുൻ പാക്ക് താരം ഷൊയബ് അക്തര്‍.

” സഞ്ജു നിര്‍ഭാഗ്യവാനായ കളിക്കാരനാണ്. ദേശീയ ടീമില്‍ കൂടുതല്‍ മത്സരങ്ങള്‍ താരത്തിന് തീര്‍ച്ചയായും ലഭിക്കേണ്ടതായിരുന്നു. അസാമാന്യ പ്രതിഭയുളള കളിക്കാരനാണ് സഞ്ജു”. അക്തർ പറഞ്ഞു.

കഴിവുണ്ടായിട്ടും,അത് തെളിയിച്ചിട്ടും ഇന്ത്യൻ ടീമിലെ പല താരങ്ങൾക്കും ലഭിക്കുന്ന അവസരങ്ങളുടെ പകുതി പോലും സഞ്ജുവിന് ലഭിച്ചിട്ടില്ല. ഒരുപാട് മികച്ച വിക്കറ്റ് കീപ്പറുമാർ ഉള്ളപ്പോഴും നിരതരമായി പരാജയപ്പെട്ട ഋഷഭ് പന്തിന് കിട്ടിയ അവസരങ്ങളുടെ പകുതി പോലും സഞ്ജുവിന് ലഭിച്ചിട്ടില്ല.

റോയല്‍സിലെ തന്നെ മറ്റൊരു താരമായ ജോസ് ബട്ട്ലറെ കുറിച്ചും അക്തർ അഭിപ്രായം പറഞ്ഞു -” ജോസ് ബട്‌ലര്‍ക്ക് അര്‍ഹിച്ച അംഗീകാരം ലഭിക്കുന്നില്ല . ബെന്‍സ്റ്റോക്‌സിനേക്കാള്‍ കൂടുതല്‍ പരിഗണന ജോസ് ബട്‌ലര്‍ക്ക് ഇംഗ്ലണ്ട് നല്‍കിയിരുന്നെങ്കില്‍ അദ്ദേഹം സൂപ്പർ താരമാകുമായിരുന്നു. ഏത് സാഹചര്യത്തിലും സ്കോർ ചെയ്യാൻ ശേഷിയുള്ള ബട്ട്ലർ ഒരു മാന്ത്രികനാണ്. ക്രിക്കറ്റ് ലോകം അർഹിച്ച പരിഗണ അയാൾക്ക് കൊടുത്തിട്ടില്ല”.