ലോക കപ്പിന് കാര്‍ത്തിക്കോ, പന്തോ?; തീരുമാനം ഇന്ത്യയ്ക്ക് അത്ര എളുപ്പമല്ല, കാരണം

വരുന്ന ടി20 ലോക കപ്പ് ടീമിലേക്ക് ഋഷഭ് പന്തിനെയാണോ ദിനേഷ് കാര്‍ത്തികിനെയാണോ ഉള്‍പ്പെടുത്തേണ്ടത് എന്നതില്‍ തന്റെ അഭിപ്രായം തുറന്നുപറഞ്ഞ് ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് മജ്ഞരേക്കര്‍. പ്രായോഗികമായി ചിന്തിച്ചാല്‍ കാര്‍ത്തിക് പ്ലേയിംഗ് ഇലവനില്‍ ഇടംപിടിക്കുന്നത് ഏറെ പ്രയാസമുള്ള കാര്യമാണെന്നാണ് മഞ്ജരേക്കര്‍ പറയുന്നത്.

‘ഞാന്‍ കുറച്ചുകൂടെ പ്രായോഗികമായി കാര്യങ്ങള്‍ വിലയിരുത്താന്‍ പോകുന്നു. ഐപിഎല്‍ പാതിവഴിയിലാണ് നമ്മളുള്ളത്. ഈ ലീഗ് അവസാനിക്കുന്നത് വരെ ഡികെ ഈ ഫോം തുടരുമോയെന്ന് നോക്കാം. ടീമില്‍ അവന്‍ വേണമെന്ന് നിങ്ങള്‍ പറയുമ്പോള്‍ ഒരാള്‍ പുറത്തുപോവേണ്ടതുണ്ട്.’

‘നിലവിലെ ഇന്ത്യന്‍ ടീമിലെ താരങ്ങളെ വെച്ചുനോക്കിയാല്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഇടം നേടുകയെന്നത് ദുഷ്‌കരമാണ്. കാരണം 5,6,7 സ്ഥാനങ്ങളിലാണ് ഡികെ ബാറ്റ് ചെയ്യുന്നത്. ടോപ്പ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യുന്ന ഒരാളല്ല അവന്‍. അത് പരിഗണിക്കുന്നില്ലയെങ്കില്‍ റിഷഭ് പന്തിനെ മാറ്റിനിര്‍ത്തേണ്ടിവരും, അല്ലെങ്കില്‍ ഹാര്‍ദിക് പാണ്ഡ്യയെ മാറ്റിനിര്‍ത്തണം. അതൊരിക്കലും എളുപ്പമല്ല. ഹാര്‍ദിക് പാണ്ഡ്യയെ ഇന്ത്യയ്ക്ക് ആവശ്യമാണ്.’

‘ഇന്ത്യയ്ക്ക് മൂന്ന് പേസര്‍മാരുണ്ട്. മികച്ച ഫോമിലായതിനാല്‍ ചാഹലായിരിക്കും ഇന്ത്യയുടെ സ്പിന്നര്‍. ജഡേജയായിരിക്കും ബാക്കപ്പ് സ്പിന്നര്‍. അതുകൊണ്ട് തന്നെ ഒരു ബാക്കപ്പ് പേസറെ അവര്‍ക്ക് ആവശ്യമുണ്ട്. അതുകൊണ്ട് തന്നെ ഒരിക്കലും പാണ്ഡ്യയ്ക്ക് പകരക്കാരനാകുവാന്‍ കാര്‍ത്തിക്കിന് സാധിക്കില്ല. ഒരു വിക്കറ്റ് കീപ്പറെയോ ബാറ്റ്‌സ്മാനെയോ മാറ്റിനിര്‍ത്തിയാല്‍ മാത്രമെ ഡികെയ്ക്ക് കളിക്കുവാന്‍ സാധിക്കൂ’ മജ്ഞരേക്കര്‍ നിരീക്ഷിച്ചു.

നിലവില്‍ ആര്‍സിബിയ്ക്കായി ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് കാര്‍ത്തിക് കാഴ്ച്ചവയ്ക്കുന്നത്. എട്ടു മല്‍സരങ്ങളില്‍ നിന്നും 105 ശരാശരിയില്‍ 200 സ്ട്രൈക്ക് റേറ്റോടെ 210 റണ്‍സ് കാര്‍ത്തിക് നേടിയിട്ടുണ്ട്. ഒരു ഫിഫ്റ്റിയടക്കമാണിത്. 18 ബൗണ്ടറികളും 15 സിക്സറും താരം ഇതിനകം നേടിക്കഴിഞ്ഞു. ഒരു മത്സരത്തില്‍ മാത്രമാണ് താരം ഫ്‌ളോപ്പായത്.

Read more

കാര്‍ത്തികിനെ ജൂണില്‍ ദക്ഷിണാഫ്രിക്കയുമായി നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ ഇന്ത്യ തിരിച്ചുവിളിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വരുന്ന ടി20 ലോക കപ്പിനുള്ള തയ്യാറെടുപ്പെന്ന നിലയില്‍ ഇന്ത്യ കാര്‍ത്തിക്കിനെ ടീമില്‍ തിരിച്ചെത്തിക്കാന്‍ സാധ്യതയേറെയാണ്.