ടീം ഇന്ത്യയില്‍ ഇക്കാര്യത്തില്‍ ഇവരെല്ലാം കുറ്റവാളികള്‍, തുറന്നടിച്ച് സഞ്ജയ് ബംഗാര്‍

ബാറ്റിംഗ് പരിശീലക സ്ഥാനത്ത് നിന്നും പുറത്താക്കിയതിന് പിന്നാലെ ഇന്ത്യന്‍ പരിശീലക സംഘത്തിനെതിരെ അമ്പെയ്ത് ബാറ്റിംഗ് പരിശീലകന്‍ സഞ്ജയ് ബംഗാര്‍. ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പിന് അനുയോജ്യനായ നാലാം നമ്പര്‍ താരത്തെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നായിരുന്നു ബംഗാറിനെ ബാറ്റിംഗ് പരിശീലക സ്ഥാനത്ത് നിന്നും മാറ്റിയത്. എന്നാല്‍ ഇക്കാര്യത്തില്‍ താന്‍ മാത്രമല്ല കുറ്റക്കാരനെന്നും രവി ശാസ്ത്രി ഉള്‍പ്പെടെയുളളവര്‍ക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്വമുണ്ടെന്നും ബംഗാര്‍ പറയുന്നു.

നാലാം നമ്പറില്‍ ആരിറങ്ങണമെന്ന കാര്യം ബാറ്റിംഗ് പരിശീലകന്‍ ഒറ്റയ്ക്കല്ല നിശ്ചയിക്കാറ്. രവി ശാസ്ത്രിയും ആര്‍ ശ്രീധറും ഭരത് അരുണും അടങ്ങുന്ന പരിശീലക സംഘം ഈ തീരുമാനത്തില്‍ ഇടപെടാറുണ്ട്. ഇവര്‍ക്ക് പുറമെ ടീം മാനേജ്മെന്റും സെലക്ടര്‍മാരും വരെ നാലാം നമ്പര്‍ താരം ആരാവണമെന്ന കാര്യത്തില്‍ കൈയ്യിടാറുണ്ടെന്ന് സഞ്ജയ് ബാംഗര്‍ കുറ്റപ്പെടുത്തുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബംഗാര്‍ ഇക്കാര്യം പറഞ്ഞത്.

പ്രകടനം, ആരോഗ്യക്ഷമത, ഇടംകയ്യനാണോ, ബൗള്‍ ചെയ്യാന്‍ കഴിയുമോ തുടങ്ങിയ മാനദണ്ഡങ്ങളെല്ലാം നാലാം നമ്പര്‍ താരത്തില്‍ പരിഗണിക്കപ്പെടുമെന്ന് ബാംഗര്‍ കൂട്ടിച്ചേര്‍ത്തു. എന്തായാലും ഇന്ത്യയ്ക്ക് പുറത്തുള്ള ടീമുകളെ പരിശീലിപ്പിക്കാന്‍ ഇപ്പോള്‍ മുതിരില്ലെന്ന് ബാംഗര്‍ വ്യക്തമാക്കി.

2017 -ല്‍ യുവരാജ് സിംഗ് ടീമില്‍ നിന്നും പുറത്തായ ശേഷമാണ് ഈ ചുമതല ആര് ഏറ്റെടുക്കുമെന്ന കാര്യത്തില്‍ വലിയ ആശയക്കുഴപ്പമുണ്ടായത്. അജിങ്ക്യ രഹാനെയെയും അമ്പാട്ടി റായുഡുവിനെയും തല്‍സ്ഥാനത്തേക്ക് നായകന്‍ വിരാട് കോലി നിര്‍ദ്ദേശിച്ചു. പക്ഷെ ലോക കപ്പ് സംഘത്തില്‍ കയറിക്കൂടാന്‍ ഇരുതാരങ്ങള്‍ക്കുമായില്ല. നിലവില്‍ റിഷഭ് പന്തിനേയും ശ്രേയസ് അയ്യരിനേയുമാണ് നാലാം നമ്പറില്‍ കളിപ്പിക്കാന്‍ ടീം ഇന്ത്യ ആലോചിക്കുന്നത്.