ലോകോത്തര താരങ്ങളെ പിടിച്ചു കെട്ടി, അരങ്ങേറ്റം ഗംഭീരമാക്കി സന്ദീപ്

ഐപിഎല്ലില്‍ മലയാളി താരം സന്ദീപ് വാര്യര്‍ക്ക് മികച്ച അരങ്ങേറ്റം. മുംബൈയ്‌ക്കെതിരെ കൊല്‍ക്കത്തന്‍ ജെഴ്‌സിയിലാണ് മലയാളി പേസര്‍ അരങ്ങേറിയത്. മത്സരത്തില്‍ വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും നാല് ഓവര്‍ എറിഞ്ഞ താരം വെറും 29 റണ്‍സ് മാത്രമാണ് വിട്ടു കൊടുത്തത്.

കൊല്‍ക്കത്തയ്ക്കായി ബൗളിംഗ് ഓപ്പണ്‍ ചെയ്ത സന്ദീപ് 11 ഡോട്ബോളുകള്‍ എറിഞ്ഞു. 144 കിലോമീറ്റര്‍ വേഗത്തില്‍ വരെ സന്ദീപ് മത്സരത്തില്‍ പന്തെറിയുകയും ചെയ്തു. മുംബൈയുടെ പ്രമുഖ താരങ്ങള്‍ക്കെതിരെ പന്തെറിയാനും സന്ദീപിന് ഭാഗമുണ്ടായി. ക്വിന്റണ്‍ ഡി കോക്ക്, രോഹിത് ശര്‍മ, എവിന്‍ ല്യൂയിസ്, സൂര്യകുമാര്‍ യാദവ് എന്നീ ബാറ്റ്സ്മാന്മാര്‍ക്കെതിരെയാണ് സന്ദീപ് തീപന്തെറിഞ്ഞത്.

സീസണിന്റെ തുടക്കത്തില്‍ കൊല്‍ക്കത്ത ടീമിലെത്തിയ സന്ദീപ്, പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരമായാണ് അന്തിമ ഇലവനിലെത്തിയത്.

നേരത്തെ ബാംഗ്ലൂര്‍ ടീമിലെത്തിയിരുന്നെങ്കിലും, കളിക്കാന്‍ അവസരം കിട്ടിയിരുന്നില്ല. രഞ്ജി ട്രോഫി സീസണില്‍ 44 വിക്കറ്റെടുത്ത് കേരളത്തിന്റെ സെമി പ്രവേശത്തില്‍ നിര്‍ണായക പങ്ക് വഹിച്ചതോടെയാണ് സന്ദീപിന് ഐപിഎല്ലില്‍ അവസരം ലഭിച്ചത്. കൊല്‍ക്കത്തയ്ക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ ഇനി രണ്ട്് മത്സരം ബാക്കിയുണ്ട്.

സന്ദീപിന്റെ അരങ്ങേറ്റത്തോടെ ഐപിഎല്‍ കളിക്കുന്ന മലയാളി താരങ്ങളുടെ എണ്ണം ആറായി. സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, ബേസില്‍ തമ്പി, എസ് മിഥുന്‍ എന്നിവരാണ് നേരത്തെ ഐ.പി.എല്ലില്‍ കളിച്ചിട്ടുള്ള കേരള താരങ്ങള്‍. 2013ല്‍ രാജസ്ഥാന്‍ റോയല്‍സിലൂടെ ഐ.പി.എല്‍ കരിയര്‍ ആരംഭിച്ച സഞ്ജുവാണ് ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ശോഭിച്ച കേരള താരം. കോഴ വിവാദത്തെ തുടര്‍ന്ന് രണ്ട് വര്‍ഷം രാജസ്ഥാനെ വിലക്കിയപ്പോള്‍ ഡല്‍ഹി ഡയര്‍ ഡെവിള്‍സിനു വേണ്ടിയും കളിച്ചിട്ടുണ്ട്. സച്ചിന്‍ ബേബി രാജസ്ഥാന്‍ റോയല്‍സിനും ബംഗളൂരു റോയല്‍ ചലഞ്ചേഴ്സിന് വേണ്ടിയും വിഷ്ണു വിനോദ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് വേണ്ടിയും കളിച്ചു.

ഗുജറാത്ത് ലയണ്‍സ് താരമായിരുന്ന ബേസില്‍ കഴിഞ്ഞ സീസണില്‍ സണ്‍ റൈസേഴ്സിനു വേണ്ടി മികച്ച പ്രകടനം നടത്തി. എന്നാല്‍ താരസമ്പന്നമായ സണ്‍റൈസേഴ്സിനു വേണ്ടി ഈ സീസണില്‍ ഒരൊറ്റ മത്സരത്തില്‍ പോലും പന്തെറിയാന്‍ ബേസിലിന് അവസരം ലഭിച്ചില്ല. രാജസ്ഥാന്‍ റോയല്‍സ് താരമായ മിഥുന്‍ ഈ സീസണില്‍ ഒരു മത്സരം കളിച്ചിട്ടുണ്ട്.