'മൂഡ് മാറിയാല്‍ ക്രീസില്‍ നിന്ന് ചാടിയിറങ്ങും, കൂടുതല്‍ പക്വത കാട്ടണം', ഇന്ത്യന്‍ യുവതാരത്തെ വിമര്‍ശിച്ച് സല്‍മാന്‍ ബട്ട്

ട്വന്റി20 ക്രിക്കറ്റ് ലോക കപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനെ വിമര്‍ശിച്ച് പാക്കിസ്ഥാന്‍ മുന്‍ താരം സല്‍മാന്‍ ബട്ട്. പന്തിന്റെ മൂഡ് എപ്പോള്‍ വേണമെങ്കിലും മാറാമെന്നും ക്രീസില്‍ നിന്ന് പുറത്തിറങ്ങി വലിയ ഷോട്ടുകള്‍ കളിക്കുന്ന സ്വഭാവം മാറ്റണമെന്നും ബട്ട് പറഞ്ഞു.

എന്തു പറയാന്‍, പന്തിന്റെ മൂഡ് പെട്ടെന്നു മാറും. ക്രീസില്‍ നിന്ന് പുറത്തിറങ്ങി അയാള്‍ വലിയ ഷോട്ടുകള്‍ക്ക് ശ്രമിക്കും. പന്തിന്റെ സ്വഭാവം എതിരാളികള്‍ മനസിലാക്കിത്തുടങ്ങിയിരിക്കുന്നു. ‘ പന്ത് ഇപ്പോള്‍ ക്രീസില്‍ നിന്ന് ചാടിയിറങ്ങും’ എന്നവര്‍ പറയുന്നതിലേക്ക് എത്തിയിരിക്കുന്നു കാര്യങ്ങള്‍- ബട്ട് പറഞ്ഞു.

പ്രതിഭാധനനായ കളിക്കാരനാണ് അയാള്‍. പന്തിന്റെ പക്കല്‍ വ്യത്യസ്തങ്ങളായ ഷോട്ടുകളുണ്ട്. എന്നാല്‍ പന്തിന്റെ ഷോട്ടുകള്‍ പ്രതിയോഗികള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുന്നു. ആദ്യ ബോളില്‍ തന്നെ പന്ത് ക്രീസ് വിട്ടിറങ്ങാം. അല്ലെങ്കില്‍ രണ്ടോമൂന്നോ ബോളുകള്‍ക്കു ശേഷവും. ആ ശൈലി ഉപേക്ഷിക്കണം. അല്‍പ്പംകൂടി പക്വതയുള്ള മനസുമായി പന്ത് കളിക്കണമെന്നും ബട്ട് കൂട്ടിച്ചേര്‍ത്തു.