മുംബൈയില്‍ നിന്നും തനിക്കൊരു കത്ത് വന്നിട്ടുണ്ടെന്ന് പോസ്റ്റ് ഓഫീസില്‍ നിന്ന് വിളിച്ചു പറഞ്ഞപ്പോള്‍ കണ്ണൂരുകാരനായ ശ്രീലേഷ് ആദ്യം ഒന്നമ്പരന്നു. പിന്നീട് അയച്ച ആളിന്റെ അഡ്രസ് അറിഞ്ഞപ്പോഴാണ് ശരിക്കും ഞെട്ടിയത്. സാക്ഷാല്‍ സച്ചിന് തെണ്ടുല്‍ക്കറായിരുന്നു ആ കത്തയച്ചത്. കണ്ണൂര്‍ സ്വദേശിയും സിവില്‍ പോലീസ് ഓഫീസറുമായ ശ്രീലേഷ് തിയഞ്ചേരിക്കാണ് സച്ചിന് തന്റെ കൈയൊപ്പു പതിച്ച കത്ത് അയച്ചത്. ശ്രീലേഷ് തന്നെ ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ പങ്കുവെയ്ക്കുകയായിരുന്നു.
സച്ചിനോടുള്ള കടുത്ത ആരാധനയില്‍, കഴിഞ്ഞ ജൂലായില്‍ ശ്രീലേഷ് ഒരു ഷോര്‍ട്ട് ഫിലിം ഒരുക്കിയിരുന്നു. ശ്രീലേഷ് തന്നെ അഭിനയിച്ച ചിത്രത്തിലെ അവസാന രംഗത്തില്‍ അദ്ദേഹം സച്ചിന് കത്തയക്കുന്ന ഒരു രംഗമുണ്ടായിരുന്നു. അന്ന് അയച്ച കത്തിനാണ് സച്ചിന് ഇപ്പോള്‍ മറുപടി അയച്ചിരിക്കുന്നത്.
ശ്രീലേഷിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഇതിഹാസം തന്ന മറുപടി..
എന്തുകൊണ്ട് സച്ചിന്? ഈ ചോദ്യത്തിന് ഉത്തരമായി ഇന്ന് രാവിലെ വരെയുണ്ടായിരുന്ന നിമിഷങ്ങളില്‍ എനിക്ക് പല വിശദീകരണങ്ങളും നല്‍കേണ്ടി വന്നിരുന്നു. അയാളൊരു നല്ല ക്രിക്കറ്റര്‍ ആണ്. 100 സെഞ്ചുറി അടിച്ചിട്ടുണ്ട്. അദ്ദേഹം അടിക്കുന്ന ബൗണ്ടറി കാണാന്‍ എന്തൊരു ഭംഗിയാണ് അങ്ങനെ പലതും. പക്ഷെ ഇന്ന് രാവിലെ മുതല്‍, ഒരുപക്ഷേ ഇനിയങ്ങോട്ട് എന്തുകൊണ്ട് സച്ചിന് എന്ന ചോദ്യത്തിന് എനിക്ക് ഒരൊറ്റ ഉത്തരമേ ഉള്ളൂ. അതാണ് ഞാന്‍ എഴുതുന്ന ഈ അക്ഷരങ്ങള്‍. ഇതിന്റെ കൂടെ ഞാന്‍ ചേര്‍ക്കുന്ന ചിത്രങ്ങള്‍.
ചില ദിവസങ്ങള്‍ അങ്ങനെയാണ്. ജീവിതകാലം മുഴുവന്‍ ഓര്‍ക്കേണ്ടുന്ന ദിവസമായി അവ കടന്നു പോകും. അങ്ങനെ ഒരു ദിവസമാണ് എനിക്ക് ഇന്ന്. ഈ സെപ്റ്റംബര്‍ 16. ഇന്ന് രാവിലെ തലശ്ശേരിയിലേക്ക് കോടതി ഡ്യൂട്ടിക്കായി ബസ് കയറി ഇരുന്നപ്പോഴാണ് പരിചിതമല്ലാത്ത ഒരു നമ്പറില്‍ നിന്നും എനിക്ക് ഒരു കോള്‍ വന്നത്. അത് കരിമ്പം പോസ്റ്റ് ഓഫീസിലെ ഒരു ജീവനക്കാരനായിരുന്നു.
നിങ്ങള്‍ക്ക് മുംബൈയില്‍ നിന്നും ഒരു കത്ത് വന്നിട്ടുണ്ട് വന്നെടുക്കാന് പറ്റുമോ എന്ന് ചോദിച്ചായിരുന്നു ആ വിളി. മുംബൈയില്‍ നിന്ന് ഒരു കത്ത് വരാന്‍ ഇല്ല എന്നൊരു തോന്നല്‍ ഉണ്ടായിരുന്നത് കൊണ്ടു തന്നെ ഞാന്‍ ആ കത്തിന്റെ അഡ്രസ് ചോദിച്ചു. അപ്പോള്‍ അയാള്‍ പറഞ്ഞത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാല്‍ സച്ചിന് ടെണ്ടുല്‍ക്കറിന്റെ അഡ്രസ് ആയിരുന്നു. ആ നിമിഷം എനിക്കൊന്നും മനസിലാകുന്നുണ്ടായിരുന്നില്ല. എന്തോ പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. എന്നെ പറ്റിക്കാന്‍ വേണ്ടി ആരെങ്കിലും ചെയ്തതാണോ എന്നറിയാന്‍ ഞാന്‍ കുറെ കഴിഞ്ഞു അയാളെ ഒന്നുകൂടി വിളിച്ചു നോക്കി. അപ്പോഴും അയാള്‍ അതു തന്നെ പറഞ്ഞു. സച്ചിന്റെ എഴുത്താണ് മുംബൈയില്‍ നിന്നാണ് എന്ന്.
പോസ്റ്റ് ഓഫീസിന്റെ മുന്നില്‍ തന്നെയുള്ള എന്റെ ചെറിയമ്മയുടെ കൈവശം ആ കത്ത് ഏല്‍പ്പിക്കാന്‍ ഞാന്‍ പറയുകയും അയാള്‍ അപ്രകാരം ചെയ്യുകയും ചെയ്തു. അപ്പോഴേക്കും ഞാന്‍ കോടതിയില്‍ എത്തിയിരുന്നു. എന്റെ ക്ഷമ മുഴുവനായും നശിച്ചിരുന്നു. അതുകൊണ്ടു തന്നെ ഞാന്‍ ചെറിയമ്മയോട് കത്ത് പൊട്ടിച്ചു വായിക്കാനും അതിന്റെ ഫോട്ടോസ് എടുത്ത് എനിക്ക് അയച്ചു തരാനും പറഞ്ഞു. ചെറിയമ്മ ചിത്രങ്ങള്‍ അയച്ചു തന്നപ്പോള്‍, അതൊക്കെ ഞാന്‍ കണ്ടപ്പോള്‍ എന്നില്‍ മുഴുവനായി ഒരു കൊള്ളിയാന്‍ പാഞ്ഞു. എന്തു ചെയ്യണം, ആരോടൊക്കെ പറയണം ഫെയ്സ്ബുക്കില്‍ എന്തൊക്കെ എഴുതണം എന്നൊക്കെ ചിന്തിച്ചു നിന്നു കുറച്ചു നേരം. സ്വപ്നം യാഥാര്‍ഥ്യമായി എന്നു പറയാന്‍ എനിക്ക് പറ്റില്ല. കാരണം ഇങ്ങനൊരു കാര്യം സ്വപ്നം കാണാനുള്ള ധൈര്യം പോലും എനിക്ക് ഇല്ലായിരുന്നു. സച്ചിന് എനിക്കൊരു എഴുത്ത് അയച്ചിരിക്കുന്നു. അതിന്റെ കൂടെ സ്വന്തം കൈയൊപ്പ് വരച്ച രണ്ടു ചിത്രങ്ങളും. ഒരു ക്രിക്കറ്റ് ഭ്രാന്തന് ഒരു സച്ചിന് ആരാധകന് ഇതില്‍പ്പരം എന്തു വേണം?
ഞാന്‍ എഴുതി സംവിധാനം ചെയ്ത, ഞാന്‍ തന്നെ അഭിനയിച്ച #mylittlegod എന്ന ഷോട്ട് ഫിലിം എന്റെ തന്നെ ജീവിത കഥയാണ്. എന്നെപോലെ നിരവധി പേര്‍ക്ക് അവരുടെ ജീവിതങ്ങളുമായി ബന്ധപ്പെടുത്താന്‍ പറ്റിയ ഒന്നാണ് എന്നു ഞാന്‍ വിശ്വസിക്കുന്നുമുണ്ട്. എന്നാലും യൂട്യൂബില്‍ ഞാന്‍ പ്രതീക്ഷിച്ച അത്രയും പേരൊന്നും ആ ഫിലിം കാണാഞ്ഞപ്പോള്‍ എനിക്ക് വിഷമം തോന്നിയിട്ടുണ്ട്. പക്ഷെ ഇന്ന് അതൊക്കെ മാറിയിരിക്കുന്നു. ചിത്രത്തിന്റെ അവസാന ഭാഗത്ത് ഞാന്‍ സച്ചിന് ഒരു എഴുത്ത് അയക്കുന്നുണ്ട്. ആ കത്ത് സച്ചിന് കിട്ടിയിരിക്കുന്നു. സച്ചിന് എനിക്ക് ഒരു മറുപടി അയച്ചിരിക്കുന്നു. എനിക്ക് അദ്ദേഹത്തോടുള്ള സ്നേഹവും ആരാധനയും അദ്ദേഹം അറിഞ്ഞിരിക്കുന്നു. എന്നെ അഭിനന്ദിച്ചിരിക്കുന്നു. എന്റെ സന്തോഷം അറിയിക്കാന്‍ എനിക്ക് വാക്കുകള്‍ തികയാതെ വരുന്നു. അദ്ദേഹത്തിന്റെ കോടാനുകോടി ആരാധകര്‍ ആഗ്രഹിക്കുന്ന ഒരു ഭാഗ്യം എന്നെ തേടിയെത്തിയിരിക്കുന്നു.
അതേ എന്തുകൊണ്ട് സച്ചിന് എന്ന ചോദ്യത്തിനു എനിക്ക് ഇന്ന് മുതല്‍ ഒരുത്തരമേ ഉള്ളൂ. അയാള്‍ ഒരു രക്ഷയുമില്ലാത്ത ഒരു മനുഷ്യനാണ്. ക്രിക്കറ്റിനെ സ്നേഹിക്കുന്ന അവസാന നാള്‍വരെയും, അതിനു ശേഷവും അയാള്‍ എനിക്ക് ദൈവമാണ്. ക്രിക്കറ്റിന്റെ ദൈവം. My Little God..#Sachin_Tendulkar
ശ്രീലേഷ് തിയഞ്ചേരി
സിവില്‍ പോലീസ് ഓഫീസര്‍
Read more
കണ്ണൂര്‍