ന്യൂസിലന്‍ഡ് ചെയ്തത് ഒട്ടും ശരിയായില്ല, വിമര്‍ശനവുമായി സച്ചിന്‍

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയായുള്ള ന്യൂസിലന്‍ഡിന്റെ ഇംഗ്ലണ്ടിനെതിരായ പരമ്പരയെ ചോദ്യം ചെയ്ത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. പരമ്പരയ്ക്കായി തിരഞ്ഞെടുത്ത സമയം ശരിയായില്ലെന്നും ഫൈനലിന് ശേഷമായിരുന്നു പരമ്പര നടത്തേണ്ടിയിരുന്നതെന്നും സച്ചിന്‍ പറഞ്ഞു.

‘ഫൈനലില്‍ ന്യൂസിലാന്‍ഡിന് ഇവിടെ ചെറിയ മുന്‍തൂക്കം ലഭിക്കുന്നുണ്ട്. കാരണം ഇംഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റുകള്‍ കളിച്ചാണ് ഫൈനലിന് അവര്‍ എത്തുന്നത്. ഇന്ത്യന്‍ ടീം ആവട്ടെ ഇവിടെ ഇന്‍ട്രാ സ്‌ക്വാഡ് മത്സരം മാത്രം കളിച്ചാണ് എത്തുന്നത്. ഇംഗ്ലണ്ട്-ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പര എപ്പോഴാണ് തീരുമാനിച്ചത് എന്ന് എനിക്ക് അറിയില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കിവീസ് സ്ഥാനം ഉറപ്പിക്കുന്നതിന് മുന്‍പ് ഇത് നിശ്ചയിച്ചിരുന്നു എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ചിലപ്പോള്‍ യാദൃശ്ചികമായി സംഭവിച്ചതാവാം.’

‘ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുമായി ഇംഗ്ലണ്ട്-ന്യൂസിലാന്‍ഡ് പര്യടനത്തിന് ബന്ധമില്ല. അങ്ങനെ വരുമ്പോള്‍ ആദ്യം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും അതിന് ശേഷം ന്യൂസിലാന്‍ഡ്-ഇംഗ്ലണ്ട് പരമ്പരയും നടത്താമായിരുന്നു. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ പല ഘട്ടങ്ങളിലായി ഇംഗ്ലണ്ടില്‍ കളിച്ചിട്ടുണ്ട്. അതിനാല്‍ ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് പൂര്‍ണമായും അപരിചിതമല്ല’ സച്ചിന്‍ പറഞ്ഞു.

ജൂണ്‍ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് മത്സരം. ജൂണ്‍ 23 റിസര്‍വ് ഡേ ആയിരിക്കും. കളി സമനിലയില്‍ പിരിഞ്ഞാല്‍ രണ്ട് ടീമിനേയും വിജയിയായി പ്രഖ്യാപിക്കും.