'ക്യാച്ച് എളുപ്പത്തില്‍ വിട്ടു കളയുന്ന താരമായിരുന്നു ശ്രീ, അവനെ കണ്ടതോടെ എന്റെ ശ്വാസം പോയി'

ഇന്ത്യ ഏറെ കൊതിച്ച ലോക കപ്പാണ് 2007-ലെ ടി20 ലോക കപ്പ്.. ബദ്ധവൈരികളായ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി എന്നതിനാല്‍ കിരീടനേട്ടത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യയ്ക്ക് ചിന്തിക്കാനാകുമായിരുന്നില്ല. ഫൈനലില്‍ മിസ്ബാഹുല്‍ ഹഖായിരുന്നു ഇന്ത്യയുടെ വിജയത്തിന് മുന്നില്‍ ഏക പ്രതിബന്ധമായി നിന്നത്. എന്നാല്‍ അവസാന ഓവറില്‍ ശ്രീശാന്ത് മിസ്ബയെ ക്യാച്ചെടുത്ത് പുറത്താക്കിയതോടെ ഇന്ത്യ കിരീടം സ്വന്തമാക്കുകയായിരുന്നു.

ആ സംഭവം ഓര്‍ത്തെടുക്കുകയാണ് ഈ ലോക്ഡൗണ്‍ കാലത്ത് അന്നത്തെ ടീമിലുണ്ടായിരുന്ന റോബിന്‍ ഉത്തപ്പ. അതുവരെ ടീമില്‍ ഏറ്റവും കൂടുതല്‍ സിറ്ററുകള്‍ നഷ്ടപ്പെടുത്തിയ വ്യക്തിയായിരുന്നു ശ്രീശാന്ത് എന്നും ആ ക്യാച്ച് ശ്രീ പിടിയ്ക്കുമോയെന്ന് ആശങ്കപ്പെട്ടിരുന്നതായും റോബിന്‍ ഉത്തപ്പ പറയുന്നു.

“അവസാന ഓവറിലെ ആദ്യ ഡെലിവറിയില്‍ ഞാന്‍ ലോംഗ് ഓണില്‍ ഫീല്‍ഡ് ചെയ്യുകയാണ്. ആദ്യ ഡെലിവറി വൈഡ്. ഞാന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു. പിന്നാലെ സിക്സ് പറത്തല്ലേ എന്ന് ഞാന്‍ ആഗ്രഹിച്ചു. പക്ഷേ രണ്ടാമത്തെ ഡെലിവറിയില്‍ മിസ്ബാ സിക്സ് നേടി. പിന്നാലെ മിസ്ബാ സ്‌കൂപ്പ് ഷോട്ട് കളിച്ചു.

അത് ഒരുപാട് മുകളിലേക്ക് ഉയര്‍ന്നു, എന്നാല്‍ അധിക ദൂരം പിന്നിട്ടില്ല. ഈ സമയം ഷോര്‍ട്ട് ഫൈന്‍ ലെഗിലെ ഫീല്‍ഡര്‍ ആരാണെന്ന് ഞാന്‍ നോക്കി. അവിടെ ശ്രീശാന്തിനെ കണ്ടു. ടീമില്‍ കൂടുതല്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുന്നയാള്‍ എന്ന പേരാണ് ആ സമയം വരെ ശ്രീശാന്തിനുണ്ടായത്. പ്രത്യേകിച്ച് ഏറ്റവും എളുപ്പമുള്ള ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുന്നതില്‍…ഏറ്റവും എളുപ്പമുള്ള ക്യാച്ചുകള്‍ ശ്രീശാന്ത് നഷ്ടപ്പെടുത്തുന്നത് ഞാന്‍ കണ്ടിട്ടുണ്ട്” ഉത്തപ്പ പറഞ്ഞു.

Read more

ശ്രീശാന്തിനെ കണ്ടതോടെ ഞാന്‍ ക്രീസിനടുത്തേക്ക് ഓടി. ഇതവന് പിടിക്കാന്‍ സാധിക്കണേയെന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ചു. ശ്രീശാന്ത് ക്യാച്ചെടുക്കുന്ന വിധം കണ്ടാല്‍ മനസിലാവും, അവന്റെ കൈയിലേക്ക് പന്ത് എത്തി കഴിഞ്ഞിട്ടും, അവന്‍ മുകളിലേക്ക് തന്നെ നോക്കി നില്‍ക്കുകയായിരുന്നു…ഇതെല്ലാം കൊണ്ടാണ് നമ്മുടെ ആ ലോക കപ്പ് ജയം വിധി നിശ്ചയം എന്ന് ഞാന്‍ വിശ്വസിക്കുന്നത്” ഉത്തപ്പ പറഞ്ഞ് നിര്‍ത്തി.