വിജയ് ഹസാരെ ട്രോഫിയിലെ മിന്നും പ്രകടനം; ബാറ്റിംഗ് രഹസ്യം വെളിപ്പെടുത്തി ഋതുരാജ്

വിജയ് ഹസാരെ ട്രോഫിയിലെ തന്റെ റണ്‍വേട്ടയുടെ രഹസ്യം വെളിപ്പെടുത്തി മഹാരാഷ്ട്ര നായകനും ഓപ്പണറുമായ ഋതുരാജ് ഗെയ്ക്വാദ്. ടൂര്‍ണമെന്റില്‍ അഞ്ചു മല്‍സരങ്ങളില്‍ നിന്നും നാലു സെഞ്ച്വറികളടക്കം 603 റണ്‍സ് താരം വാരിക്കൂട്ടിയിരുന്നു. ഒരു കളിയില്‍ മാത്രമാണ് താരം ഫ്ളോപ്പായത്.

‘ഈ പ്രകടനത്തിന് പിന്നില്‍ ഒരു രഹസ്യവുമില്ല. എന്റെ പ്രക്രിയയില്‍ ഞാന്‍ ശ്രദ്ധ നല്‍കിയിരിക്കുകയാണ്, കൂടൂതലായി ചിന്തിക്കുന്നില്ല. കാര്യങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്.’

Ruturaj Gaikwad's superb 154*

‘സ്വന്തം പ്രകടനത്തില്‍ അദ്ഭുതം തോന്നുന്നെങ്കിലും ഞങ്ങളുടെ ടീം അടുത്ത റൗണ്ടിലേക്കു മുന്നേറിയിരുന്നതെങ്കില്‍ ഇതു കൂടുതല്‍ നന്നാവുമായിരുന്നു. പക്ഷെ ഞങ്ങള്‍ക്കു അതു സാധിച്ചില്ല. വ്യക്തിപരമായി എന്റേത് മികച്ച നേട്ടമാണ്. സ്വന്തം പ്രകടനത്തിലും ടീമിന്റെ പ്രകടനത്തിലും അഭിമാനമുണ്ട്’ ഋതുരാജ് പറഞ്ഞു.

മികച്ച പ്രകടനം കാഴ്ചവച്ചിരുന്നെങ്കിലും ടീമിനെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിക്കാന്‍ ഋതുരാജിന് സാധിച്ചില്ല. നെറ്റ് റണ്‍റേറ്റില്‍ മഹാരാഷ്ട്ര പിന്തള്ളപ്പെടുകയായിരുന്നു. എലൈറ്റ് ഗ്രൂപ്പ് ഡിയില്‍ മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ് എന്നീ മൂന്നു ടീമുകള്‍ക്കും 16 പോയിന്റ് വീതമാണ് ലഭിച്ചത്. എന്നാല്‍ മികച്ച നെറ്റ് റണ്‍റേറ്റില്‍ കേരളം ഗ്രൂപ്പ് ജേതാക്കളായി ക്വാര്‍ട്ടറില്‍ കയറുകയായിരുന്നു.