അത് നോബോളോ?; തന്റെ നിലപാട് വ്യക്തമാക്കി സഞ്ജു സാംസണ്‍

ഐപിഎല്ലില്‍ ഇന്നലെ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് എതിരായ മത്സരത്തിലെ അവസാന ഓവറിലെ നോബോള്‍ സംഭവ വികാസങ്ങളില്‍ പ്രതികരണവുമായി രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. അമ്പയറാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും അതില്‍ നമുക്കൊന്നും ചെയ്യാനാകില്ലെന്നും സഞ്ജു മത്സരശേഷം പറഞ്ഞു.

‘അതൊരു ഫുള്‍-ടോസ് ആയിരുന്നു, ബാറ്റ്‌സ്മാന്‍ ഒരു നോ-ബോള്‍ ആഗ്രഹിച്ചു, പക്ഷേ അമ്പയര്‍ അത് നല്‍കിയില്ല. അതില്‍ നമുക്കൊന്നും ചെയ്യാനാകില്ല. മൂന്ന് സിക്സറുകള്‍ വഴങ്ങിയതിന് ശേഷം ഒരു തിരിച്ചുവരവ് നടത്തുന്നത് ഒരു ബോളര്‍ക്ക് എളുപ്പമല്ല.’

‘ഞങ്ങള്‍ അവന്റെ (മക്കോയ്) ചുറ്റും നിന്നും, അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ത്തുകയും ചെയ്തു. പ്ലാന്‍ മാറ്റാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. അതിനാല്‍ കളി തടസ്സപ്പെട്ട സമയം ബോളര്‍ക്ക് ആശ്വാസം നല്‍കാന്‍ ഞങ്ങള്‍ ഉപയോഗിച്ചു’ സഞ്ജു പറഞ്ഞു.

ആവേശകരമായ മത്സരത്തില്‍ അവസാന ഓവര്‍ എറിയുന്നതിന് തൊട്ട് മുമ്പ് വരെ രാജസ്ഥാന്‍ ക്യാമ്പ് വലിയ ജയം ഉറപ്പിച്ചതായിരുന്നു എന്നാല്‍ വിട്ട് കൊടുക്കാന്‍ തയാറാകാതിരുന്ന റൂവ്മന്‍ പവല്‍ രാജസ്ഥാന്റെ ഓബദ് മക്കോയ്ക്കെതിരെ നടത്തിയ ആക്രമണമാണ് മത്സരം ആവേശകരമാക്കിയത്.

ആദ്യ മൂന്നു പന്തില്‍ സിക്‌സര്‍ നേടിയാണ് പവല്‍ മത്സരം ആവേശകരമാക്കിയത്. ഇതില്‍ മൂനാം പന്ത് നോ ബോള്‍ ആയിരുന്നുവെന്ന് വാദിച്ച ഡല്‍ഹി ക്യാമ്പ് രംഗത്ത് വന്നതോടെ മത്സരം കുറച്ച് നേരത്തേക്ക് നിര്‍ത്തി വച്ചു. അംപയര്‍ നോബോള്‍ പരിശോധിക്കാന്‍ തയാറാകാതെ വന്നതോടെ ഡല്‍ഹി നായകന്‍ ഋഷഭ് പന്ത് ബാറ്റര്‍മാരെ തിരിച്ചുവിളിക്കാനും ശ്രമിച്ചു.

എന്തായാലും അമ്പയര്‍ തന്റെ തീരുമാനം പുനപരിശോധിക്കാന്‍ തയ്യാറാകാതെ തന്നെ നിന്നു . ആശയകുഴപ്പത്തിനൊടുവില്‍ മത്സരത്തിന്റെ അവസാന മൂന്നു പന്തില്‍ രണ്ടു റണ്‍സ് വഴങ്ങി പവലിനെ പുറത്താക്കിയാണ് മക്കോയ് രാജസ്ഥാന് വിജയം സമ്മാനിച്ചത്.