ഇന്ത്യന്‍ ടീമിലെ ആ അവഗണന ഇന്നും ഇടനെഞ്ചിലെ നോവ്, തുറന്ന് പറഞ്ഞ് രോഹിത്ത്

ഇന്ത്യ രണ്ടാമത് ലോക കിരീടം നേടിയ 2011ല്‍ ടീമിലേക്ക് പരിഗണിക്കപ്പെടാതിരുന്നത് ജീവിതത്തിലെ ഏറ്റവും സങ്കടകരമായ നിമിഷമാണെന്ന് ഇന്ത്യന്‍ താരം രോഹിത്ത് ശര്‍മ്മ. ഇന്‍സ്റ്റഗ്രാമില്‍ മുന്‍ ഇംഗ്ലീഷ് താരം കെവില്‍ പീറ്റേഴ്‌സണുമായി ലൈവ് ചാറ്റിംഗിനിടേയാണ് രോഹിത്ത് തന്റെ ജീവിതത്തിലെ ഉണങ്ങാത്ത മുറിവിനെ കുറിച്ച് പറഞ്ഞത്.

“2011ലെ ഏകദിന ലോക കപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാതിരുന്നതാണ് ജീവിതത്തിലെ സങ്കടകരമായ നിമിഷമൊയിരുന്നു. ഫൈനല്‍ സ്വന്തം വീട്ടുമുറ്റത്തു നടക്കുന്നതു പോലെയായിരുന്നു. പക്ഷേ എന്തു ചെയ്യാം, എനിക്ക് കളിക്കാനാകില്ലല്ലോ” രോഹിത്ത് പറയുന്നു.

2011ല്‍ ടീമില്‍ ഉള്‍പ്പെടാതിരുന്നത് തന്റെ തെറ്റു തന്നെയായിരുന്നെന്ന് പറഞ്ഞ രോഹിത്ത് താന്‍ അന്ന് മികച്ച ഫോമില്‍ ആയിരുന്നില്ലെന്നും സമ്മതിക്കുന്നു

ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങ്ങിന് കീഴില്‍ ഐപിഎല്ലില്‍ കളിച്ച കാലവും നിലവില്‍ ഐപിഎല്‍ നടക്കാനുള്ള സാധ്യതയെ കുറിച്ചുമൊക്കെ പീറ്റേഴ്‌സന്‍ ചാറ്റില്‍ ചോദിക്കുന്നുണ്ട്.

പോണ്ടിങ്ങിനൊപ്പമുള്ള കാലത്തെ “മായാജാലം” എന്നാണ് രോഹിത് വിശേഷിപ്പിച്ചത്. രോഹിത് ക്യാപ്റ്റനാകുന്നതിന് മുമ്പ് മുംബൈയെ നയിച്ചിരുന്നത് റിക്കി പോണ്ടിങ്ങായിരുന്നു. പിന്നീട് പോണ്ടിങ്ങ് മുംബൈയുടെ പരിശീലകനായി. അതിനുശേഷം ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് മാറി. കൊറോണ വൈറസ് വ്യാപനത്തിന്റെ പ്രതിസന്ധിക്ക് പരിഹാരമായാല്‍ ഐപിഎല്‍ നടക്കുമെന്ന് രോഹിത് ശര്‍മ വിശ്വസിക്കുന്നു.