ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന റാങ്കിലെത്തി രോഹിത്ത്, ആദ്യ പത്തില്‍ നാല് ഇന്ത്യക്കാര്‍

ദുബൈ: ടെസ്റ്റ് റാങ്കിംഗില്‍ ചരിത്രമെഴുതി ഇന്ത്യന്‍ താരങ്ങള്‍. ആദ്യ 10 റാങ്കിനുളളില്‍ നാല് ഇന്ത്യന്‍ താരങ്ങളാണ് ഇടം പിടിച്ചത്. വിരാട് കോഹ്ലി (2), ചേതേശ്വര്‍ പൂജാര (4), അജിന്‍ക്യ രഹാനെ (5), രോഹിത്ത് ശര്‍മ്മ (10) എന്നിവരാണ് ആദ്യ 10 റാങ്കിനുള്ളില്‍ ഇടംപിടിച്ച ഇന്ത്യന്‍ താരങ്ങള്‍.

ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണറായി അരങ്ങേറിയ രോഹിത് ശര്‍മയുടെ കരിയറെ ഏറ്റവും ഉയര്‍ന്ന റാങ്കാണിത്. 722 പോയിന്റാണ് രോഹിത്തിനുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവസാന ടെസ്റ്റില്‍ നേടിയ ഇരട്ട സെഞ്ച്വറിയാണ് രോഹിത്തിന് റാങ്കിംഗില്‍ മുന്നേറ്റമുണ്ടാക്കി കൊടുത്തത്. റാഞ്ചിയില്‍ നടന്ന അവസാന ടെസ്റ്റിന് മുമ്പ് 22-ാം റാങ്കിലായിരുന്നു രോഹിത്. 12 സ്ഥാനങ്ങളാണാണ് രോഹിത് മെച്ചപ്പെടുത്തിയത്.

ഏകദിന റാങ്കിംഗില്‍ രണ്ടാം സ്ഥാനത്താണ് രോഹിത്. ടി20യില്‍ എട്ടാം റാങ്കും രോഹിത്തിനുണ്ട്.

അവസാന ടെസ്റ്റില്‍ തിളങ്ങാനാവാത്തത് കോഹ്ലിയുടെ റാങ്കിനെ ബാധിച്ചു. റാഞ്ചി ടെസ്റ്റിന് മുമ്പ് ഒന്നാമതുള്ള സ്റ്റീവന്‍ സ്മിത്തും കോലിയും തമ്മില്‍ ഒരു പോയിന്റ് മാത്രമാണ് വ്യത്യാസമുണ്ടായിരുന്നത്. എന്നാലിപ്പോള്‍ ഇരുവരും തമ്മിലുള്ള വ്യത്യാസം 11 പോയിന്റായി. സ്മിത്തിന് 937 പോയിന്റാണുള്ളത്. കോഹ്ലിക്ക് 926 പോയിന്റും.

ഇന്ത്യന്‍ ഉപനായകന്‍ അജിന്‍ക്യ രഹാനെയാണ് നേട്ടമുണ്ടാക്കിയ മറ്റൊരു താരം. അവസാന ടെസ്റ്റിന് മുമ്പ ഒമ്പതാം സ്ഥാനത്തായിരുന്നു രഹാനെ. എന്നാല്‍ റാഞ്ചി ടെസ്റ്റിലെ സെഞ്ചുറി പ്രകടനം രഹാനയെ അഞ്ചാം റാങ്കിലെത്തിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെിരെ പരമ്പരയില്‍ തിളങ്ങാനായില്ലെങ്കിലും പൂജാര നാലാം സ്ഥാനം നിലനിര്‍ത്തി. കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണാണ് മൂന്നാമത്.

ബൗളര്‍മാരുടെ റാങ്കിംഗില്‍ ആദ്യ പത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളാണുള്ളത്. ജസ്പ്രീത് ഭുംറ മൂന്നാം സ്ഥാനത്ത് നിന്ന് നാലാം സ്ഥാനത്തേക്ക് വീണു. ഏഴാം സ്ഥാനത്തുണ്ടായിരുന്ന ആര്‍ അശ്വിന് പത്താമനായി. മുഹമ്മദ് ഷമി ഒരു സ്ഥാനം മെച്ചപ്പെടുത്തി 15-ാം റാങ്കിലെത്തി. ഓസീസ് താരം പാറ്റ് കമ്മിന്‍സാണ് ഒന്നാമത്.