'പ്ലേഓഫില്‍ എത്താനായില്ലെങ്കിലും ഇഷ്ടം പോലെ പോസിറ്റീവുകള്‍ ടീമിനുണ്ട്'; ശക്തമായി തിരിച്ചുവരുമെന്ന് രോഹിത്

ഐപിഎല്‍ 15ാം സീസണില്‍ സ്വപ്‌നം പോലും കാണാത്ത തിരിച്ചടിയാണ് മുംബൈ ഇന്ത്യന്‍സ് നേരിട്ടത്. ടൂര്‍ണമെന്റിന്റെ ആദ്യ പകുതിയില്‍ മുംബൈ ചിത്രങ്ങളില്‍ പോലും ഇല്ലായിരുന്നു. തുടര്‍ച്ചയായി എട്ട് മത്സരങ്ങളാണ് അവര്‍ തോറ്റത്. ഇപ്പോഴിത പ്ലേഓഫില്‍ എത്താനായില്ലെങ്കിലും ഊ സീസണില്‍ ഇഷ്ടം പോലെ പോസിറ്റീവുകള്‍ ടീമിനുണ്ടെന്ന് രോഹിത് പറഞ്ഞു.

‘ഈ വര്‍ഷത്തെ പിഴവുകള്‍ തിരുത്തിയുള്ള സമീപനം ആവും അടുത്ത വര്‍ഷത്തേത്. എട്ട് മത്സരങ്ങള്‍ പരാജയപ്പെട്ട് തുടങ്ങിയ ടീമിന് രണ്ടാം പകുതിയില്‍ മികവാര്‍ന്ന പ്രകടനം പുറത്തെടുക്കുവാനായി എന്നാണ് എനിക്ക് തോന്നിയത്. ഈ സീസണില്‍ പ്ലേ ഓഫ് എത്താനായില്ലെങ്കിലും ഇഷ്ടം പോലെ പോസിറ്റീവുകള്‍ ടീമിനുണ്ടെന്നത് നല്ല കാര്യമാണ്.’

‘ചില കളിക്കാര്‍ അവരുടെ റോളുകള്‍ മനസിലാക്കാന്‍ കുറച്ച് സമയമെടുക്കുന്നതിനാല്‍ ഒരു പുതിയ ടീമുണ്ടാകുമ്പോള്‍ ചിലപ്പോള്‍ ഇത് സംഭവിക്കാറുണ്ട്. ചില കളിക്കാര്‍ ഈ ഫ്രാഞ്ചൈസിക്ക് വേണ്ടി ആദ്യമായി കളിക്കുകയായിരുന്നു. അവരുടെ രാജ്യത്തിന് വേണ്ടിയും സംസ്ഥാനത്തിന് വേണ്ടിയും മറ്റ് ലീഗുകളിലും മറ്റും കളിക്കുമ്പോള്‍ അവര്‍ വ്യത്യസ്ത റോളുകള്‍ ചെയ്യുന്നു. അവര്‍ ഇവിടെ വരുമ്പോള്‍ അവര്‍ക്ക് വ്യത്യസ്ത വേഷങ്ങള്‍ ലഭിക്കുന്നു. അതിനാല്‍ അഡ്ജസ്റ്റ് ചെയ്യാന്‍ കുറച്ച് സമയമെടുക്കു’ രോഹിത് പറഞ്ഞു.

ഈ സീസണില്‍ ഏറ്റവും അവസാന സ്ഥാനക്കാരായാണ് മുന്‍ ചാമ്പ്യന്മാരായ മുംബൈ ഫിനീഷ് ചെയ്തിരിക്കുന്നത്. 14 മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റ് മാത്രമാണ് അവര്‍ക്ക് നേടാനായത്. കളിച്ച മത്സരങ്ങളില്‍ 10 ലും തോറ്റ അവര്‍ നാലെണ്ണത്തില്‍ മാത്രമാണ് വിജയിച്ചത്.