'ഞാന്‍ പഴയ രോഹിത്തല്ല, ആ കാലം കഴിഞ്ഞു'

വിമര്‍ശനങ്ങളില്‍ വേവലാതി പൂണ്ടു പോകുന്ന പഴയ രോഹിത്തല്ല താനെന്ന് ഇന്ത്യന്‍ ഓപ്പണറും ഉപനായകനുമായ രോഹിത്ത് ശര്‍മ്മ. വിമര്‍ശനങ്ങള്‍ ഇപ്പോള്‍ തന്നെ ബാധിക്കാറില്ലെന്നും വിമര്‍ശനങ്ങളില്‍ പതറുന്ന കാലം കഴിഞ്ഞെന്നും രോഹിത്ത് പറയുന്നു.

ഇന്ത്യ-ശ്രീലങ്ക ടി20 മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രോഹിത്ത് ശര്‍മ്മ.

തന്റെ ചിന്താഗതികള്‍ ഒക്കെ ഇപ്പോള്‍ മാറിയെന്ന് പറയുന്ന രോഹിത്ത്, മുന്നോട്ടുപോക്കിന് അത് തന്നെ ഏറെ സഹായിക്കുന്നതായും കൂട്ടിചേര്‍ത്തു. ജീവിതത്തിലെ ഏറ്റവും നല്ല ഘട്ടത്തിലൂടെയാണ് താന്‍ കടന്നു പോകുന്നതെന്നും കുടുംബ ജീവിതം, തന്നെ അടിമുടി മാറ്റിയതായും രോഹിത്ത് വിലയിരുത്തുന്നു.

വീട്ടില്‍ ഭാര്യയും മകളും തന്നെ സ്‌നേഹിച്ചു കൊല്ലുകയാണെന്നും അവരുടെ വാക്കുകളുടെ കരുത്തിലാണ് താന്‍ മുന്നോട്ടു പോകുന്നതെന്നും ഇന്ത്യന്‍ താരം പറയുന്നു. മാറ്റുളളവര്‍ പറയുന്ന വിമര്‍ശനങ്ങള്‍ക്ക് ചെവി കൊടുക്കാറില്ലെന്നും അത് ഓര്‍ത്ത് വേദനിക്കാറില്ലെന്നും താരം പറഞ്ഞു. ആരെങ്കിലും തന്നെ നല്ലത് പറഞ്ഞാലോ മോശം പറഞ്ഞാലോ പ്രതികരിക്കാന്‍ ചെല്ലുന്ന പ്രായം താന്‍ കടന്നു. ഇപ്പോള്‍ അതൊന്നും ഒരു വിഷയമേ അല്ലെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ശ്രീലങ്കയ്‌ക്കെതിരെ ടി20 പരമ്പര കളിയ്ക്കുകയാണ് രോഹിത്ത്. ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു.