തകര്‍ത്തടിച്ച് രാഹുലും രോഹിത്തും ജഡേജയും; ഇന്ത്യന്‍ നിര മിന്നും ഫോമില്‍

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പായി ഇന്ത്യന്‍ ടീം രണ്ടായി തിരിഞ്ഞ് പരിശീലന മത്സരത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം റിഷഭ് പന്തിന്റെയും ശുഭ്മാന്‍ ഗില്ലിന്റെയും മിന്നും പ്രകടനം ബി.സി.സി.ഐ പരസ്യമാക്കിയിരുന്നു. ഇപ്പോഴിതാ സീനിയര്‍ താരങ്ങളായ കെ.എല്‍ രാഹുലിന്റെയും രോഹിത് ശര്‍മ്മയുടെയും രവീന്ദ്ര ജഡേജയുടെയും മിന്നും പ്രകടനത്തിന്റെ വാര്‍ത്തകളാണ് പുറത്തുവന്നിരിക്കുന്നത്.

മത്സരത്തില്‍ രാഹുല്‍ സെഞ്ച്വറി നേടിയപ്പോള്‍ രോഹിത് ശര്‍മ്മ 80 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തു. ജഡേജയാകട്ടെ 76 പന്തില്‍ പുറത്താകാതെ 54 റണ്‍സ് നേടി. യുവ പേസര്‍ മുഹമ്മദ് സിറാജ് ബോളിംഗിലും തിളങ്ങി. 22 റണ്‍സ് മാത്രം വിട്ടു കൊടുത്ത് താരം രണ്ട് വിക്കറ്റ് വീഴ്ത്തി.

മത്സരത്തില്‍ കഴിഞ്ഞ ദിവസം റിഷഭ് പന്ത് വെറും 94 പന്തുകളില്‍ നിന്ന് പുറത്താകാതെ 121 റണ്‍സാണ് അടിച്ചുകൂട്ടിയിരുന്നു. ശുഭ്മാന്‍ ഗില്‍ 135 പന്തുകളില്‍ നിന്ന് 85 റണ്‍സ് നേടി. ബോളിംഗില്‍ ഇഷാന്ത് ശര്‍മ്മ തിളങ്ങിയിരുന്നു.  താരം 36 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റുകള്‍ വീഴ്ത്തി.

ജൂണ്‍ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് മത്സരം. ജൂണ്‍ 23 റിസര്‍വ് ഡേ ആയിരിക്കും. കളി സമനിലയില്‍ പിരിഞ്ഞാല്‍ രണ്ട് ടീമിനേയും വിജയിയായി പ്രഖ്യാപിക്കും.