കോഹ്‌ലി അവനെ തഴഞ്ഞിട്ടു, തിരിച്ചെത്തിച്ചത് രോഹിത്; തുറന്നടിച്ച് മുന്‍ പരിശീലകന്‍

ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലിക്കെതിരെ കടുത്ത വിമര്‍ശനവുമായി സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ ബാല്യകാല പരിശീലകന്‍ കപില്‍ദേവ് പാണ്ഡെ. മികച്ച ഫോമിലായിരുന്നിട്ടും കോഹ്‌ലിയ്ക്ക് കീഴില്‍ കുല്‍ദീപിന് വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചില്ലെന്നും പിന്നീട് രോഹിത് ശര്‍മ്മയാണ് താരത്തെ തിരികെ എത്തിച്ചതെന്നും കപില്‍ദേവ് പാണ്ഡെ പറഞ്ഞു.

‘ക്യാപ്റ്റന്‍മാര്‍ വിശ്വാസമര്‍പ്പിച്ചപ്പോഴെല്ലാം കുല്‍ദീപ് യാദവ് അതിനൊത്ത പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ടെസ്റ്റില്‍ അവനു മികച്ച റെക്കോഡുമാണുള്ളത്. ഏകദിനത്തില്‍ രണ്ടു ഹാട്രിക്കുകളും കുല്‍ദീപ് നേടിയിട്ടുണ്ട്. എന്നിട്ടും അവനു മതിയായ അവസരങ്ങള്‍ ലഭിച്ചില്ല. ഇതു തീര്‍ച്ചയായും ഷോക്കിംഗ് തന്നെയാണ്.’

‘മികച്ച ഫോമിലായിരുന്നിട്ടു പോലും കുല്‍ദീപിന് വേണ്ടത്ര അവസരങ്ങള്‍ നല്‍കിയില്ല. ശേഷം രോഹിത് ശര്‍മ കാരണമാണ് കുല്‍ദീപിന്റെ കരിയര്‍ സംരക്ഷിക്കപ്പെട്ടത്. കുല്‍ദീപിന്റെ കരിയര്‍ ഉയിര്‍ത്തെഴുന്നേറ്റതിനു പിന്നില്‍ രോഹിത്താണ്. ഐപിഎല്ലിനു മുമ്പ് രോഹിത് കുല്‍ദീപ് യാദവിനെ വിളിക്കുകയും വെസ്റ്റിന്‍ഡീസുമായുള്ള പരമ്പരയില്‍ അവസരം നല്‍കുകയും ചെയ്തു. രണ്ട് വിക്കറ്റും അവന് നേടാനായി.’

Read more

‘കുല്‍ദീപിന്റെ ഇപ്പോഴത്തെ തിരിച്ചുവരവിന്റെ ക്രെഡിറ്റ് മുഴുവന്‍ രോഹിത്തിനാണ്. അദ്ദേഹത്തിന്റെയും ഡിസി കോച്ച് റിക്കി പോണ്ടിംഗ്, ക്യാപ്റ്റന്‍ റിഷഭ് പന്ത് എന്നിവരുടെയും പിന്തുണയാണ് അവനെ ഇന്ന് ഇവിടെയെത്തിച്ചിരിക്കുന്നത്’ കപില്‍ദേവ് പാണ്ഡെ ചൂണ്ടിക്കാട്ടി.