അയാള്‍ വരും, മുംബൈയെ രക്ഷിക്കാന്‍; ഇനിയാണ് കളി

മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്പോര്‍ട്സ് അക്കാദമിയില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സസിനോട് 23 റണ്‍സ് പരാജയം ഏറ്റുവാങ്ങിയതോടെ മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ കാര്യം വലിയ പരുങ്ങലിലാണ്. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ടീം നിലവില്‍ ഒമ്പതാം സ്ഥാനത്താണ്.

പൊതുവെ വലിയ സ്‌കോറുകള്‍ പിറന്ന ടൂര്‍ണമെന്റില്‍ ഇതുവരെ 180 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല എന്നത് മുംബൈ ബാറ്റിംഗിന്റെ ദുര്‍ബലതയെ കാണിക്കുന്നു. കഴിഞ്ഞ സീസണിലൊക്കെ ടീമിനെ താങ്ങി നിര്‍ത്തിയ സൂര്യകുമാര്‍ യാദവ് പരിക്കുമൂലം ഇതുവരെ കളിക്കാത്തത് ടീമിന് വലിയ തിരിച്ചടി ആയിട്ടുണ്ട്. ഇപ്പോഴിതാ, മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, സൂര്യകുമാറിന്റെ കാര്യത്തില്‍ ഒരു അപ്‌ഡേറ്റ് നല്‍കിയിട്ടുണ്ട്.

”അവന്‍ (സൂര്യകുമാര്‍ യാദവ്) ഞങ്ങള്‍ക്ക് ഒരു പ്രധാന കളിക്കാരനാണ്. അവന്‍ ഫിറ്റ്‌നസ് വീണ്ടെടുത്താല്‍, അവന്‍ നേരെ ടീമിലേക്ക് വരും. പക്ഷേ വിരലിലെ പരിക്ക് ഗൗരവമുള്ളതായതിനാല്‍ അവന്‍ സുഖം പ്രാപിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു,” രോഹിത് പറഞ്ഞു.

കഴിഞ്ഞ മാസം നടന്ന ഇന്ത്യയുടെ പരിമിത ഓവര്‍ പരമ്പരയ്ക്കിടെ കൈവിരലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് സൂര്യകുമാര്‍ യാദവ് കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. എന്നാല്‍, രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിന് മുന്നോടിയായി അദ്ദേഹം മുംബൈ ടീമിനൊപ്പം ചേര്‍ന്നിരുന്നു. ഇതോടെ പരിക്ക് കാരണം, ആദ്യ മത്സരത്തില്‍ നിന്ന് വിട്ടുനിന്ന സൂര്യകുമാര്‍ രണ്ടാം മത്സരത്തില്‍ കളിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു.

പക്ഷെ, രണ്ടാം മത്സരത്തിലും സൂര്യകുമാര്‍ കളിക്കാതിരുന്നതോടെയാണ്, അദ്ദേഹം എന്ന് തിരിച്ചുവരും എന്ന ചോദ്യം ഉയര്‍ന്നുതുടങ്ങിയത്. എത്രയും വേഗം സൂര്യ തിരിച്ചുവരുമെന്നുള്ള പ്രതീക്ഷയിലാണ് മുംബൈ ആരാധകര്‍..