അത് നിലനില്‍പിനുളള പോരാട്ടമായിരുന്നു, നന്ദി ധരംശാല!

ശ്രീലങ്കയ്‌ക്കെതിരെ ഡബിള്‍ സെഞ്ച്വറി നേടി ചരിത്രം രചിച്ച രോഹിത്തിനെ ഇത്ര പോരാട്ടവീര്യമുളള കളിക്കാരനാക്കി മാറ്റിയതില്‍ ക്രിക്കറ്റ് പ്രേമികള്‍ നന്ദി പറയേണ്ടത് ഒന്നാം ഏകദിനത്തോട്. നായകനായി അരങ്ങേറ്റ മത്സരത്തില്‍ രോഹിത്ത് ലഭിച്ചത് കൈപേറിയ അനുഭവമായിരുന്നു.

ധരംശാലയില്‍ അമ്പേ പരാജയപ്പെട്ടുപോയ ടീം ഇന്ത്യയുടെ ദയനീയ പ്രകടനമായിരുന്നു കാരണം. ഇതോടെ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ച് നാലുപാടു നിന്നും പഴികേട്ടു.

കല്യാണം നിര്‍ത്തിവെച്ച കോഹ്ലിയോട് തിരിച്ചുവരാന്‍ വരെ ചിലര്‍ ആവശ്യമുന്നയിച്ചു. ഇതോടെ മൊഹാലിയില്‍ രോഹിത്തിന് ചിലത് തെളിയ്‌ക്കേണ്ടത് അത്യാവശമായിരുന്നു. അലസ ക്രിക്കറ്റെന്ന് പലപ്പോഴും പഴികേട്ട രോഹിത്ത് ഉഗ്രമൂര്‍ത്തിയായി നൃത്തംചവിട്ടിയതിന് പിന്നില്‍ ഈ അഭമാനത്തിനോടുളള പ്രതികാരം കൂടിയുണ്ടായിരുന്നു.

ധരംശാലയിലെ നാണക്കേടിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലും രോഹിത് അതുതന്നെയാണ് പറഞ്ഞത്. ഈ പരാജയം ടീമിന്റെ കണ്ണുതുറപ്പിക്കുമെന്നും അടുത്ത മത്സരത്തില്‍ തിരിച്ചുവരുമെന്നും. ആ വാക്കുകള്‍ മൊഹാലിയിലെ പഞ്ചാബിലെ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ രോഹിത് യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു. അതും ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ ഒരധ്യായം എഴുതിച്ചേര്‍ത്തുകൊണ്ട്.

പതിയെ തുടങ്ങിയ ആ ഇന്നിംഗ്‌സ് അത്ഭുതകരമായാണ് വിസ്‌ഫോടന ശേഷി കൈവരിച്ചത്. രോഹിത്ത് അടിച്ചകറ്റുന്ന പന്ത് ഗ്യാലറിയില്‍ നിന്നും എടുക്കുക എന്ന ഭൗത്യം മാത്രമേ ഇതോടെ ലങ്കന്‍ ഫീല്‍ഡിംഗ് നിരയ്ക്ക് ചെയ്യാനുണ്ടായിരുന്നുളളു. ഒരുപിടി റെക്കോര്‍ഡുകള്‍ കൂടി സ്വന്തമാക്കിയാണ് രോഹിത്ത് ഇതിഹാസക്കസേരയിലേക്ക് കയറിയിരിക്കുന്നത്.