സമാനതകളില്ലാത്ത താരമായി വീണ്ടും ഹിറ്റ്മാന്‍; ക്രിക്കറ്റിന് മാതൃക

ഐപിഎല്‍ പുതിയ സീസണിലേക്ക് ക്രിക്കറ്റ് ലോകം അടുക്കുമ്പോള്‍ ആരാധകര്‍ ആവേശത്തിലാണ്. വിരാട് കോഹ്ലിയു എംഎസ് ധോണിയുമടക്കമുള്ള പ്രമുഖ താരങ്ങള്‍ പഴയ ടീമിന് വേണ്ടി തന്നെ ഈ വര്‍ഷവും പാഡണിയുമെന്ന് ഉറപ്പായിട്ടുണ്ട്. 15 കോടി രൂപയ്ക്ക് ധോണിയെ നിലനിര്‍ത്താന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും 17 കോടി രൂപയ്ക്ക് വിരാട് കോഹ്ലിയെ നിലനിര്‍ത്താന്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും തീരുമാനിച്ചിട്ടുണ്ട്.

മുംബൈ ഇന്ത്യന്‍സ് താരം രോഹിത് ശര്‍മയ്ക്കും 15 കോടിയാണ് നിലനിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അത്യുഗ്രന്‍ ഫോമിലുള്ള ഇന്ത്യയുടെ ഹിറ്റ്മാന് 15 കോടി മാത്രമോ എന്നായിരുന്നു ക്രിക്കറ്റ് ലോകം ആശ്ചര്യപ്പെട്ടത്. എന്നാല്‍, മുംബൈ ഇന്ത്യന്‍സില്‍ തന്നെ തുടരാനായി താരം പ്രതിഫലം കുറച്ചുവെന്നതാണ് റിപ്പോര്‍ട്ടുകള്‍. ശ്രീലങ്കയ്‌ക്കെതിരേ നടന്ന ഏകദിന മത്സരത്തില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച് മികച്ച ഫോമിലുള്ള താരത്തിന് ഇതിലും കൂടുതല്‍ പ്രതിഫലം ലഭിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍, മുംബൈയുടെ കഴിഞ്ഞ സീസണുകളില്‍ ക്യാപ്റ്റന്റെ വേഷത്തിലും അല്ലാതെയും നിര്‍ണായക താരമായിരുന്ന രോഹിത് പഴയ ക്ലബ്ബില്‍ തന്നെ തുടരാന്‍ വിട്ടുവീഴ്ച ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

രോഹിതിന് പുറമെ, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നീ താരങ്ങളെയും മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയിട്ടുണ്ട്. ഐപിഎല്‍ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമാണ് മുംബൈ ഇന്ത്യന്‍സ്. 10 സീസണുകള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് കിരീടങ്ങളാണ് രോഹിത്തിന്റെ കീഴില്‍ മുംബൈ ഇന്ത്യന്‍സ് നേടിയിരുന്നത്.

ടീമിനകത്തും പുറത്തുമുള്ള യഥാര്‍ത്ഥ ക്യാപ്റ്റനാണ് രോഹിതെന്നാണ് ക്ല്ബ്ബുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ടീമിന്റെ ബാലന്‍സിങ് നിലനിര്‍ത്താന്‍ മൂന്നാം സ്ഥാനത്തും അതിന് പിന്നിലും ഇറങ്ങാന്‍ രോഹിത് തയാറായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് പുറത്ത് ക്ലബ്ബിനോടുള്ള താല്‍പ്പര്യം ഉയര്‍ത്തിയ രോഹിത് ഉത്തമമാതൃക കാണിച്ചുവെന്നാണ് സോഷ്യല്‍ മീഡിയ ഇക്കാര്യത്തില്‍ പറയുന്നു.