മഹിയുടെ സുവര്‍ണനേട്ടം തവിടുപൊടി; ഉയരങ്ങളില്‍ ഹിറ്റ്മാന്‍ ഇടിമുഴക്കം

മൊഹാലിയില്‍ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ രോഹിത് ശമ്മ പുതിയ റെക്കോര്‍ഡിട്ടു. ഏകദിനത്തില്‍ കൂടുതല്‍ സിക്സുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഹിറ്റ്മാന്‍ സ്വന്തമാക്കിയത്. മൊഹാലിയില്‍ രണ്ട് സിക്സുകള്‍ നേടിയതോടെ ധോണിയുടെ 217 സിക്സുകള്‍ എന്ന നേട്ടം ഹിറ്റ്മാന്‍ മറികടന്നു. മത്സരത്തിനിറങ്ങുമ്പോള്‍ രോഹിതിന്റെ അക്കൗണ്ടില്‍ 216 സിക്സുകളാണ് ഉണ്ടായിരുന്നത്. സാംപയുടെ 24-ാം ഓവറിലെ മൂന്നാം പന്തിലാണ് രോഹിത് നേട്ടത്തിലെത്തിയത്.

സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് 195 സിക്സുകളുമായി മൂന്നാം സ്ഥാനത്ത്. സൗരവ് ഗാംഗുലി (189) യുവ്രാജ് സിംഗ് (153) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.

ഏകദിനത്തില്‍ ഇന്ത്യയില്‍ 3000 റണ്‍സ് തികയ്ക്കുന്ന ഒന്‍പതാം താരമെന്ന നേട്ടവും ഹിറ്റ്മാന്‍ സ്വന്തമാക്കി. മൊഹാലിയില്‍ 52 റണ്‍സ് നേടിയപ്പോഴാണ് രോഹിത് ശര്‍മ്മ ഈ നേട്ടത്തിലെത്തിയത്. സച്ചിന്‍, ധോണി, കോലി, യുവ്രാജ്, ഗാംഗുലി, ദ്രാവിഡ്, അസ്ഹറുദീന്‍, സെവാഗ് എന്നിവരാണ് 3000 ക്ലബിലുള്ള ഇന്ത്യന്‍ താരങ്ങള്‍.

മത്സരത്തില്‍ 92 ബോളില്‍ നിന്ന് 95 റണ്‍സെടുത്ത് രോഹിത് പുറത്തായി. അതേസമയം, ശിഖര്‍ ധവാനൊപ്പം ചേര്‍ന്ന് ഇന്ത്യയ്ക്ക് മികച്ച അടിത്തറ പാകിയാണ് രോഹിത് പവലിയനിലേക്ക് മടങ്ങിയത്. 115 ബോളില്‍ 143 റണ്‍സെടുത്ത ശിഖര്‍ ധവാനും ആറ് ബോളില്‍ നിന്ന് ഏഴ് റണ്‍സെടുത്ത വിരാട് കോഹ്ലുയമാണ് ഇന്ത്യയ്ക്ക് നഷ്ടമായ വിക്കറ്റുകള്‍.

Read more

42 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 292 റണ്‍സ് എന്ന ശക്തമായ നിലയിലാണ് ഇന്ത്യ. ഓസീസ് നിരയില്‍ ജെ റിച്ചാര്‍ഡ്‌സണ്‍ രണ്ടും പാറ്റ് കുമ്മിന്‍സ് ഒന്നും വിക്കറ്റുകള്‍ നേടി കളി തുടരുന്നു.