തന്റേടത്തോടെ രോഹിത് ആ തീരുമാനം എടുക്കണം; പാകിസ്ഥാനെ വീഴ്ത്താന്‍ കൈഫിന്റെ വിജയമന്ത്രം

ഏഷ്യാ കപ്പില്‍ പാകിസ്താനെതിരായ പോരാട്ടത്തിനു മുന്നോടിയായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കു ഒരു ഉപദേശം നല്‍കി മുന്‍ താരം മുഹമ്മദ് കൈഫ്. പാകിസ്താനു ശക്തമായ ഒരു സന്ദേശം നല്‍കുന്നതിനു വേണ്ടി മല്‍സരത്തിനുള്ള പ്ലെയിംഗ് ഇലവനെ നേരത്തേ തന്നെ പ്രഖ്യാപിക്കണമെന്ന നിര്‍ദേശമാണ് കൈഫ് മുന്നോട്ടു വച്ചിരിക്കുന്നത്. സാധാരണ ടോസിംഗ് വേളയിലാണ് ഇന്ത്യ പ്ലെയിംഗ് ഇലവനെ പ്രഖ്യാപിക്കുന്നത്.

‘ഇതു മൈന്‍ഡ് ഗെയിം കളിക്കുന്നതിനെക്കുറിച്ചുള്ളതല്ല. ഇതായിരിക്കും ഞങ്ങളുടെ പ്ലെയിംഗ് ഇലവനെന്നു പ്രഖ്യാപിക്കാന്‍ രോഹിത് ശര്‍മയോടു ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. മുഴുവന്‍ താരങ്ങള്‍ക്കും വിജയാശംസകള്‍ നേരുന്നു. നമുക്ക് ഏഷാ കപ്പ് വിജയിക്കാം. പാകിസ്ഥാനെ തോല്‍പ്പിച്ച് നമുക്ക് അതു സാധിച്ചെടുക്കണം.

‘രോഹിത് ശര്‍മ മുന്നോട്ടുവന്ന് ഇതാണ് ഞങ്ങളുടെ ഇലവനെന്നു ലോകത്തിനു മുന്നില്‍ തുറന്നുപറയണം. ഞങ്ങള്‍ തയ്യാറാണെന്ന വലിയൊരു സന്ദേശം കൂടിയാണ് നേരത്തേ പ്ലെയിംഗ് ഇലവന്‍ പ്രഖ്യാപിക്കുന്നതിലൂടെ നല്‍കുന്നത്. കളിക്കാരുടെ റോളിന്റെ കാര്യത്തില്‍ ഒരു സംശയവുമില്ല. നമ്മള്‍ ചെയ്യാനുള്ള ഒരേയൊരു കാര്യം കളിക്കാനിറങ്ങി വിജയം കൊയ്യുകയെന്നതു മാത്രമാണ്.’

‘കഴിഞ്ഞ വര്‍ഷത്തെ ടി20 ലോക കപ്പില്‍ ഇന്ത്യക്കെതിരായ പ്ലെയിംഗ് ഇലവനെ പാകിസ്ഥാന്‍ ഒരു ദിവസം മുമ്പ് പ്രഖ്യാപിച്ചിരുന്നു. പക്ഷെ നമ്മള്‍ ടോസ് വരെ കാത്തുനിന്നു. ഗ്രൗണ്ടും സാഹചര്യങ്ങളും വിലയിരുത്തിയ ശേഷമായിരുന്നു ഇലവനെ തിരഞ്ഞെടുത്തത്’ മുഹമ്മദ് കൈഫ് പറഞ്ഞു.